കൂത്താളി മാമ്പള്ളി കനാലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
ഇന്നലെ കനാലിൽ നീന്താനിറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലെ മാമ്പള്ളി കനാലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കനാലിൽ വീണ യുവാവിനായി ഇന്നലെ മുതൽ നടത്തിയ തിരച്ചിലിലാണ് ഇന്ന് 11 മണിയോടെ മൃതദേഹം കണ്ടെടുത്തത്. കിഴക്കൻ പേരാമ്പ്രയിലെ വാഴയിൽ മീത്തൽ ഗംഗാധരൻ്റെ മകൻ യദു(24)വിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പെരുവണ്ണാമുഴി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെ നീന്താൻ ഇറങ്ങിയതായിരുന്നു യദു. ഇതേസമയം കനാലിന്റെ മറുകരയില്‍ യുവാവിന്റെ സുഹൃത്തുക്കളുണ്ടായിരുന്നു. നീന്തി സുഹൃത്തുക്കളുടെ അടുത്ത് വരാമെന്ന് പറഞ്ഞാണ് യദു കനാലില്‍ ചാടിയത്. ഇതിന് പിന്നാലെ യുവാവിനെ കാണാതാവുകയായിരുന്നു. തുടർന്ന് ഓവു പാലത്തിനടിയിൽ കുടുങ്ങുകയായിരുന്നു. പെരുവണ്ണാമൂഴി പോലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
യുവാവിനെ കണ്ടെത്താത്തതിനെ തുടർന്ന് കനാൽ അടച്ചിട്ട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.