കീരിക്കാടൻ ഇനി ഓർമ്മ; നടൻ മോഹൻ രാജിൻറെ അന്ത്യം വീട്ടിൽ വച്ച്
കിരീടം ചിത്രത്തിലെ 'കീരിക്കാടൻ ജോസ്' വേഷത്തിലൂടെയാണ് ജനപ്രീതി നേടിയത്
തിരുവനന്തപുരം: കിരീടം സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മലയാളികൾക്ക് സുപരിചിതനായ നടൻ മോഹൻ രാജ് അന്തരിച്ചു. വെകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു.
സിനിമാ-സീരിയൽ താരം ദിനേശ് പണിക്കരാണ് വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. 'കിരീടം സിനിമയിലെ അതികായനായ വില്ലൻ കീരിക്കാടൻ ജോസിനെ... അവതരിപ്പിച്ച മോഹൻരാജ് ഓർമയായി.... കിരീടം സിനിമയ്ക്കു ശേഷം എൻ്റെ സ്വന്തം ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി , രാജ പുത്രൻ , സ്റ്റാലിൻ ശിവദാസ് തുടങ്ങിയ ചിത്രങ്ങളിലും എൻ്റെ മോഹൻരാജ് അഭിനയിച്ചിരുന്നു... ഇന്ന് മൂന്ന് മണിക്ക് കഠിനമായി കുളത്തിൽ വീട്ടിലാണ് അന്ത്യം സംഭവിച്ചത്... നാളെ അടക്കവും...' എന്നാണ് അറിയിച്ചത്
എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥനായ മോഹൻരാജ് ആകസ്മികമായാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ 'കീരിക്കാടൻ ജോസ്' എന്ന വേഷത്തിലൂടെയാണ് മോഹന്‍ രാജ് ജനപ്രീതി നേടുന്നത്. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങി.
കീരിക്കാടന്‍ ജോസിന്‍റെ ജനപ്രീതി മോഹന്‍രാജിനെ തെലുങ്ക്, തമിഴ് സിനിമകളുടെയും ഭാഗമാക്കി. കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ, മായാവി തുടങ്ങി ഒട്ടനവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിയ മോഹന്‍രാജ്, ഇതിനോടകം 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.