ഐഎഎസ് ചേരിപ്പോരില്‍ നടപടി; ഗോപാലകൃഷ്ണനും എൻ പ്രശാന്തിനും സസ്പെൻഷൻ
വ്യവസായ വകുപ്പ് ഡയറക്ടറായിരുന്നു കെ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരിൽ ഒടുവിൽ സർക്കാർ നടപടി. മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന കെ ഗോപാല കൃഷ്ണനെയും എ ജയതിലകിനെതിരെ പരസ്യ ആരോപണം ഉന്നയിച്ച എൻ പ്രശാന്തിനെയും സസ്പെൻഡ് ചെയ്തു. സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ഹൈന്ദവ വിഭാഗം ഉദ്യോഗസ്ഥരെ മാത്രം ചേർത്ത് ഏഗോപാലകൃഷ്ണൻ ഹിന്ദു മല്ലു ഗ്രൂപ്പ് എന്ന പേരിൽ വാട്സപ്പ് ഗ്രൂപ്പ് നിർമ്മിച്ചത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് എന്നാണ് സർക്കാർ കണ്ടെത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.
വ്യവസായ വകുപ്പ് ഡയറക്ടറായിരുന്നു കെ ഗോപാലകൃഷ്ണൻ. വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മാണത്തോടെ സർക്കാരിനെ ഗോപാലകൃഷ്ണൻ പ്രതിരോധത്തിൽ ആക്കിയെന്നാണ് ആരോപണം. ജയതിലേ കിനെതിരെ നിരന്തരമായി പരസ്യ വിമർശനം നടത്തിയതിനാൽ പ്രശാന്തിന് സസ്പെൻഷൻ. സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥരുടെ കരിയർ തകർത്ത ഉദ്യോഗസ്ഥനാണ് ജയതിലക് എന്ന് പ്രശാന്ത് ആരോപിച്ചിരുന്നു. എൽഡിഎഫ് നേതാവ് മേഴ്സി കുട്ടിയമ്മയുമായി പ്രശാന്ത് വാഗ്വാദം നടത്തിയിരുന്നു. പ്രശാന്ത് സർക്കാരിനെതിരെ പ്രവർത്തിക്കുന്നു എന്നായിരുന്നു ആരോപണം.