മരണത്തിലും ഒരുമിച്ച് ഉറ്റ ചങ്ങാതിമാർ വിട പറഞ്ഞു
നാലുപേരും കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ
പാലക്കാട് : കല്ലടിക്കോട് ലോറി പാഞ്ഞു കയറി അകാലത്തിൽ മരണത്തിലേക്ക് നടന്ന നാല് കുട്ടികൾ ഉറ്റ ചങ്ങാതിമാരും അടുത്തടുത്ത വീട്ടുകാരുമാണ്. ചെറുള്ളി അബ്ദുൽ സലാമിന്റെ മകൾ ഇർഫാന ഷെറിൻ, അബ്ദുൽ റഫീക്കിന്റെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീമിന്റെ മകൾ നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ ആയിഷ എന്നിവരാണ് ഇന്ന് സായാഹ്നത്തിൽ അശ്രദ്ധയുടെ ഇരകളായി റോഡിൽ പൊലിഞ്ഞു പോയത്. നാലുപേരും കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും ഇറങ്ങിയ കുട്ടികൾ വീട്ടിലേക്ക് മടങ്ങാൻ ബസ്റ്റോപ്പിലേക്ക് പോകുമ്പോഴാണ് നാടിനെ വിറങ്ങലിപ്പിച്ച അപകടം.
നിയന്ത്രണം വിട്ട ലോറി പാഞ്ഞു വരുന്നത് കണ്ടു ഒരു വിദ്യാർത്ഥിനി ചാടി രക്ഷപ്പെട്ടെങ്കിലും മറ്റു കുട്ടിൾക്ക് രക്ഷപ്പെടാൻ കഴിയും മുമ്പ് തന്നെ ലോറി മുകളിലേക്ക് മറിഞ്ഞു. കുട്ടികളുടെ മരണത്തിൻറെ പശ്ചാത്തലത്തിൽ കരിമ്പ് ഹയർ സെക്കൻഡറി സ്കൂളിന് നാളെ അവധിയാണ്. നാളെ നടക്കേണ്ട പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പുലർച്ചെ അഞ്ചുമണിയോടെ വീടുകളിൽ എത്തിക്കും. സ്കൂളിൽ പൊതുദർശനം ഉണ്ടാവില്ല. രാവിലെ 8.30 മുതൽ 10 മണി വരെ മൃതദേഹങ്ങൾ കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.പൊതുദർശനത്തിനുശേഷം തുപ്പനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും.