headerlogo
breaking

തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാലു പേര്‍ക്ക് ദാരുണാന്ത്യം ഒരാള്‍ രക്ഷപ്പെട്ടു

വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്

 തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ  നാലു പേര്‍ക്ക് ദാരുണാന്ത്യം ഒരാള്‍ രക്ഷപ്പെട്ടു
avatar image

NDR News

26 Jan 2025 07:24 PM

കോഴിക്കോട്: കോഴിക്കോട് പയ്യോളി തിക്കോടിയിൽ കടലിൽ ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ തിരയിൽപ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് അപകടത്തിൽപ്പെട്ടത്. ജിമ്മിലെ വനിത ട്രെയിനര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. മുണ്ടേരി സ്വദേശി ഫൈസൽ, കല്‍പ്പറ്റ നോര്‍ത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്. ജിൻസി എന്ന സ്ത്രീയെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

     ഇന്ന് വൈകിട്ടോടെ തിക്കോടി കല്ലകത്ത് ബീച്ചിലാണ് ദാരുണാപകടം ഉണ്ടായത്. അവധി ദിവസമായ ഞായറാഴ്ച ഇവര്‍ രാവിലെ കോഴിക്കോട്ടേക്ക് ടൂര്‍ പോയതായിരുന്നു. വയനാട്ടിലേക്ക് തിരികെ വരുമ്പോൾ ബീച്ചിൽ കയറിയപ്പോൾ ആയിരുന്നു അപകടം. അവധിയായതിനാൽ ബീച്ചിൽ നല്ല തിരക്കുണ്ടായിരുന്നു. ബീച്ചിലേക്ക് ഇറങ്ങിയപ്പോള്‍ അഞ്ചു പേരും തിരയിൽപെടുകയായിരുന്നുവെന്നാണ് വിവരം. 

      ഇവരെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. വയനാട് കല്‍പ്പറ്റയിലെ ജിമ്മിൽ പരിശീലനം നടത്തുന്നവരും ട്രെയിനേഴ്സും അടക്കം 26 അംഗം സംഘമാണ് ടെംപോ ട്രാവലറിൽ തിക്കോടി കല്ലകത്ത് ബീച്ചിലെത്തിയത്. വിനോദ യാത്രക്ക് വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച അനീസ, വാണി, വിനീഷ് എന്നിവരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച ഫൈസലിന്‍റെ മൃതദേഹം കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. കുളിക്കാനിറങ്ങിയതല്ലെന്നും അഞ്ചുപേരും കൈപിടിച്ച് കടലിൽ ഇറങ്ങുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അഞ്ചുപേരും ഇറങ്ങിയതിനിടെ ഒരാള്‍ വീണു. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. ഇതോടെയാണ് നാലു പേരും തിരയിൽപ്പെട്ടത്. ഒരാള്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നു. 26 അംഗ സംഘം രാവിലെ അകലാപ്പുഴയിലും സന്ദര്‍ശനം നടത്തിയിരുന്നു. രാവിലെ ഏഴു മണിയോടെയാണ് വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചത്. കല്‍പ്പറ്റയിലെ ബോഡി ഷേപ്പ് എന്ന പേരിലുള്ള ജിമ്മിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വയനാട് കല്‍പറ്റ സ്വദേശി ഷറഫുവിന്‍റേതാണ് ജിം. ഷറഫു ഉള്‍പ്പെടെയുള്ളവരാണ് വിനോദ യാത്രയ്ക്ക് പോയത്. അഞ്ച് പേർ ഒരുമിച്ച് കൈപിടിച്ചാണ് കടലിൽ ഇറങ്ങിയതെന്നും ഇതിനിടെ തിര അടിച്ച് വീഴുകയായിരുന്നു വെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിന്‍സി പറഞ്ഞു. കയ്യിലെ പിടിത്തം വിട്ട് വീഴുകയായിരുന്നുവെന്നും തന്‍റെ ബോധം പോയെന്നും ജിന്‍സി പറഞ്ഞു.

 

 

 

NDR News
26 Jan 2025 07:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents