മുസ്ലിം ലീഗ് നേതാവ് ഷാഹുൽ ഹമീദ് നടുവണ്ണൂർ ലീഗ് വിട്ടു
ഇന്ന് വൈകുന്നേരം നടുവണ്ണൂരിൽ നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നടുവണ്ണൂർ : മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ കൗൺസിൽ അംഗവും, നിയോജക മണ്ഡലം ഭാരവാഹിയും ആയിരുന്ന ഷാഹുൽ ഹമീദ് നടുവണ്ണൂർ ലീഗ് പ്രാഥമിക അംഗത്വവും ഭാരവാഹിത്വവും രാജിവെച്ചു. ലീഗിലെ പണാധിപത്യത്തിനെതിരെയും, മതരാഷ്ട്ര വാദികൾക്കൊപ്പം നിൽക്കുന്ന നിലപാടിനെതിരെയും, വികസന പ്രവർത്തനങ്ങൾക്കെതിരെ ലീഗ് എടുക്കുന്ന നിലപാടുകൾക്കെതിരെയും പ്രതിഷേധിച്ചാണ് രാജി. ഇന്ന് വൈകുന്നേരം നടുവണ്ണൂരിൽ നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇനി യു ഡി എഫി ലേക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണാധിപത്യം ലീഗിനെ സ്വാധീനിക്കുന്നതായും പണമുള്ളവർ എന്തും നേടുന്ന അവസ്ഥയാണ് ലീഗിൽ ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.
നടുവണ്ണൂർ പഞ്ചായത്തിലെ എം എസ് എഫ് ജനറൽസെക്രട്ടറി ,പേരാമ്പ്ര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് നടുവണ്ണൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി, പ്രസിഡൻറ്, വൈസ് പ്രസിഡണ്ട്, പേരാമ്പ്ര മണ്ഡലം പ്രവർത്തകസമിതി അംഗം, മുസ്ലിംലീഗ് നടുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ട്രഷറർ , ജനറൽ സെക്രട്ടറി, ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊയിലാണ്ടി ഉപജില്ല പ്രസിഡൻറ്, സ്വതന്ത്ര തൊഴിലാളി യൂണിയൻ ബാലുശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, യൂണിയൻ പ്രസിഡൻറ്, മലപ്പുറം കോട്ടക്കൽ എം എൽ എ എം പി അബ്ദുൽ സമദ് സമദാനിയുടെ പി.എ എന്നീ നിലകളിൽ ദീർഘകാലം ലീഗിനൊപ്പം പ്രവർത്തിച്ച പൊതു പ്രവർത്തകനാണ് ഷാഹുൽഹമീദ്.

