നടുവണ്ണൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം;വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു
സ്ഫോടനത്തിന്റെ ആഘാതത്തിൽ അടുക്കള ഭാഗം പൂർണമായും തകർന്നു
നടുവണ്ണൂർ: നടുവണ്ണൂരിൽ വീട്ടിൽ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. എസ്ബിഐക്ക് സമീപം മുള്ളമ്പത്ത് പ്രകാശൻ താമസിക്കുന്ന വീട്ടിലാണ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് ഉഗ്ര ശബ്ദത്തോടെ അടുക്കളയ്ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. അടുക്കളയുടെ ചുമർ ഭാഗവും ജനലുകളും തറയും ചുമരുകളും എല്ലാം തകർന്നിട്ടുണ്ട്. ഏതാണ്ട് പകുതിയോളം ഗ്യാസ് മാത്രമേ സിലിണ്ടറിൽ അവശേഷിച്ചിരുന്നുള്ളൂ. ഉപയോഗിക്കുന്ന ഒരു സിലിണ്ടർ കൂടാതെ മറ്റൊരു സിലിണ്ടർ കൂടി തൊട്ടടുത്ത് ഉണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഈ സിലിണ്ടർ 100 മീറ്ററോളം ദൂരെ തെറിച്ചു പോയി. തീപ്പിടുത്തവും ഉണ്ടായി. സ്ഫോടനത്തിന്റെ ആഘാതത്തിൽ അടുക്കള ഭാഗം പൂർണമായും തകർന്നു. പൊട്ടിയ സിലിണ്ടറിന്റെ അവശിഷ്ടങ്ങൾ 200 മീറ്റർ ദൂരേക്ക് വരെ തെറിച്ചിട്ടുണ്ട്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ പ്രസാദിന്റെ വീട്ടിലെ ചുമരിൽ സിലിണ്ടറിന്റെ ഭാഗങ്ങൾ ഇടിച്ച് ചുമരും ജനലുകളും തകർന്നു.100 മീറ്റർ അപ്പുറമുള്ള മറ്റൊരു വീട്ടിലും അവശിഷ്ടങ്ങൾ തെറിച്ച് ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.
സാധാരണ നിലയിൽ കേട്ടു കേൾവിയില്ലാത്ത സംഭവമാണ് ഗ്യാസ് സിലിണ്ടറുകൾ സ്ഫോടനത്തിൽ തകരുക എന്നത്. സ്ഫോടന ശബ്ദം ഒരു കിലോമീറ്റർ ദൂരെ വരെ കേൾക്കാമായിരുന്നു എന്ന് പരിസരവാസികൾ പറഞ്ഞു. കിടന്നുറങ്ങുകയായിരുന്ന വീട്ടുകാർ സംഭവം എന്തെന്നറിയാതെ ശബ്ദം കേട്ട് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. അടുക്കള, വീടിന് പുറത്തായിരുന്നതു കൊണ്ട് മാത്രമാണ് വീട്ടുകാർ ജീവഹാനി ഇല്ലാതെ രക്ഷപ്പെട്ടത്. ശബ്ദം കേട്ട് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടി. വിവരമറിയിച്ചതിനെ ത്തുടർന്ന് പേരാമ്പ്രയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. ഗ്യാസ് ലീക്ക് വന്ന് തീപിടുത്തം ഉണ്ടാകുന്ന സംഭവങ്ങൾ അല്ലാതെ ഇങ്ങനെയൊരു സംഭവം ആദ്യമാണെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. വീട്ടുടമ ബാലുശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കീഴരിയൂരിൽ നിന്നും വിതരണം ചെയ്യുന്ന ഇന്ത്യയിൽ ഗ്യാസ് ഏജൻസിയുടേതാണ് പാചകവാതക സിലിണ്ടറുകൾ. സംഭവം അറിഞ്ഞതോടെ വീട്ടിനകത്ത് അടുക്കളയിൽ ഗ്യാസുകൾ സൂക്ഷിക്കുന്നവർ പരിഭ്രാന് ന്തിയിൽ ആയിരിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണത്തെ ക്കുറിച്ച് വ്യക്തമായ സൂചനകൾ ഒന്നും ഇനിയും ഗ്യാസ് ഏജൻസിയോ ഇൻഡൈൻ അധികാരികളോ നൽകിയിട്ടില്ല.

