വിദ്യാഭ്യാസ സ്ഥാപനങ്ങൾ കച്ചവട കേന്ദ്രങ്ങളാക്കി മാറ്റരുത്; വ്യാപാരി വ്യവസായി ഏകോപന സമിതി
വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡന്റ് അഷറഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു
ഉള്ളിയേരി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കച്ചവട കേന്ദ്രങ്ങളാക്കി മാറ്റരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിഫോം തുണിത്തരങ്ങൾ മുതൽ ബാഗ്, കുട, ചെരുപ്പ്, നോട്ട് ബുക്കുകൾ തുടങ്ങി മൊട്ടു സൂചി വരെ വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. ഇത് രക്ഷിതാക്കളെ സഹായിക്കാൻ എന്ന പേരിൽ പൊതുമാർക്കറ്റിനെക്കാൾ കൂടിയ വിലയ്ക്കാണ് സാധനങ്ങൾ വിൽക്കുന്നത്. കച്ചവട താല്പര്യം ഒഴിവാക്കി വിദ്യാലയങ്ങളെ മികവിന്റ കേന്ദ്രങ്ങൾ ആക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം ജില്ലാ പ്രസിഡന്റ് അഷറഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. ബാബു റിപ്പോർട്ടും, ട്രഷറർ വി.എസ്. സുമേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാനസെക്രട്ടറി ബാപ്പുഹാജി മുഖ്യപ്രഭാഷണം നടത്തി, ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു.
മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ പൂനൂർ, സെക്രട്ടറി രാജൻ കാന്തപുരം, ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ. കാദർ, കെ.പി. സുരേന്ദ്രനാഥ്, ജംഷിദ് ഉണ്ണി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എം. ബാബു (പ്രസിഡന്റ്), വി.കെ. കാദർ, കെ. മധുസൂദനൻ (വൈസ് പ്രസിഡന്റുമാർ), വി.എസ്. സുമേഷ് സെക്രട്ടറി, ടി.പി. മജീദ്, ദിനേശൻ ഷൈൻ, (ജോയിൻ്റ് സെക്രട്ടറിമാർ), അബ്ദുൾ ഖാദർ മാതപ്പള്ളി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.