പേരാമ്പ്ര വടകര ഭാഗത്തെ ബേക്കറികളിൽ നിർമ്മിക്കുന്ന മിക്സ്ചറുകളിൽ കൃത്രിമ നിറം
നിയമലംഘനം നടത്തിയ കടകളിലെ മിക്സ്ചർ നിർമ്മാണവും നിരോധിച്ചു
കോഴിക്കോട്: ബേക്കറികളിൽ വിൽക്കുന്ന മിക്‌സ്ച്ചറിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ടാട്രസിൻ എന്ന കൃത്രിമ നിറം ചേർക്കുന്നതായി ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. ഇതിൽ വടകര ജെ ടി റോഡിലെ ഹർഷ ചിപ്സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബെയ്ക്ക് ബേക്കറി എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന മിക്സ്ചറുകളിൽ കൃത്രിമ നിറം ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിലാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയത്.
പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ കടകളിലെ മിക്സ‌്ച്ചറിന്റെ വിൽപ്പനയും നിർമ്മാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് കോഴിക്കോട് അസിസ്റ്റൻറ് കമ്മീഷണർ നിരോധിച്ചു. കല്ലുംപുറം വേക്ക് ആൻഡ് ബെയ്ക്ക് ബേക്കറിയിൽ വിൽപ്പനയ്ക്കായി മിക്സ്ച്ചർ എത്തിച്ചത് ഓമശ്ശേരി പുതൂർ റിയാ ബേക്കറിയുടെ നിർമാണ യൂണിറ്റിൽ നിന്നാണെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് ഇവിടുത്തെ മിക്‌സ്ചർ നിർമ്മാണവും നിർത്തലാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ് ഉത്തരവിട്ടു.മിക്ചറുകളിൽ മഞ്ഞനിറം ലഭിക്കുന്നതിന് വേണ്ടിയാണ് സാധാരണയായി ടാട്രസിൻ എന്ന കൃത്രിമ നിറം ഉപയോഗിക്കുന്നത്. ടാട്രസിൻ എന്ന കളർ പെർമിറ്റഡ് ഫുഡ് കളർ ആണെങ്കിലും മിക്സ്ചറിൽ ചേർക്കുന്നതിന് അനുവാദമില്ലെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ പറയുന്നു. കൃത്രിമ നിറം ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് കോഴിക്കോട് ജില്ലയിൽ 'നിറമല്ല രുചി' എന്ന പേരിൽ വ്യാപകമായ ബോധവൽക്കരണം നടത്തിയതായിരുന്നു .