ബദരീനാഥിൽ നിന്നും ദർശനപുണ്യം തേടി കാൽനടയായി ശബരിമലയിലേക്ക്
മൂന്ന് അയ്യപ്പ ഭക്തൻമാർ നഗ്ന പാദരായി അയ്യനെ കണ്ട് സായൂജ്യമടയാൻ
കാസർഗോഡ്: മുദ്രയണിഞ്ഞ് കറുപ്പു മുടുത്ത് നഗ്നപാദരായി മൂന്ന് അയ്യപ്പ ഭക്തൻമാർ ഇക്കുറിയും മല ചവിട്ടുന്നു. ബദരീനാരായണന്റെ മുമ്പിൽ നിന്നും കെട്ടു നിറച്ചാണ് ഇത്തവണത്തെ യാത്ര. ഒരേ ഒരു ലക്ഷ്യം ശബരി മാമല. പതിനാല് വർഷമായി രാജ്യത്തെ ഓരോ പ്രധാന തീർത്ഥാടന കേന്ദ്രത്തിൽ നിന്നും കെട്ടു മുറുക്കി ശരണം വിളിച്ച് ശബരിമലയ്ക്ക് കാൽനടയായി യാത്ര പുറപ്പെടുന്നത്.
കാസർഗോഡ് കുട്‌ലുവിലെ സനൽകുമാർ നായിക്കും, സമ്പത് ഷെട്ടിയും, പ്രശാന്തുമാണ് ആഭക്തൻമാർ. കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഹൊറനാട് അന്നപൂർണ്ണേശ്വരി ക്ഷേത്രം, കട്ടിൽ ദുർഗാ പരമേശ്വരി ക്ഷേത്രം, ഗോകർണം, മുംബൈ വജ്രേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നൊക്കെ ഇവർ ശരണം വിളിച്ച് മലയ്ക്ക് യാത്രയായിട്ടുണ്ട്.
ഇത്തവണ ബദരീനാഥിൽ നിന്നാണ് മലയാത്ര. തീവണ്ടി മാർഗം അവിടെയെത്തി ബദരീനാരായണന്റെ മുന്നിൽ പ്രണമിച്ച് ഇരുമുടി കെട്ടുമായി സപ്തംബർ മൂന്നിനാണ് യാത്ര പുറപ്പെട്ടത്. ൠഷികേശ്, ഹരിദ്വാർ വൃന്ദാവൻ , മഥുര, ഉജ്ജയിനി, ഷിരാഡി, കോലാപൂർ, ഗോകർണം, മുരഡേശ്വർ, ഉടുപ്പി വഴി 3200 ഓളം കിലോമീറ്റർ സഞ്ചരിച്ച് കാസർഗോഡ് പ്രവേശിച്ചു. ഒരു ദിവസം 30-35 കിലോമീറ്റർ സഞ്ചരിച്ച് രാത്രി ക്ഷേത്രങ്ങളിൽ താമസിച്ച് വീണ്ടും യാത്ര തുടരുന്നു.
കാസർഗോഡ് നഗരത്തിലൂടെ കടന്നുപോകുന്ന അയ്യപ്പൻമാർക്ക് നിരവധി ക്ഷേത്രങ്ങളിൽ സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മകര വിളക്കിന് ശബരിമലയിലെത്തി ഭർശനപുണ്യം നേടാമെന്ന വിശ്വാസത്തിലാണ് ഈ അയ്യപ്പൻമാർ. ശബരിമലയിലെത്തുമ്പോൾ 3800 കിലോമീറ്ററാണ് ഈ ഭക്തൻമാർ സഞ്ചരിച്ചിട്ടുണ്ടാവുക.

