എസ്എസ്എൽസിക്ക് എ പ്ലസ് കിട്ടൽ ഇനി എളുപ്പമാവില്ല
പരീക്ഷയിൽ മികവളക്കാൻ ഇനി കടുപ്പമേറിയ ചോദ്യങ്ങൾ ഉണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പരീക്ഷകളുടെ ചോദ്യ രീതിയിൽ അടിമുടി മാറ്റം വരുന്നു. ആകെ ചോദ്യങ്ങളിൽ 20% പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന ചോദ്യങ്ങൾ ആയിരിക്കും. ശരാശരി നിലവാരത്തിൽ 50 ശതമാനവും ലളിത നിലവാരത്തിൽ 30 ശതമാനവും ചോദ്യം മതി എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഇത് പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറാക്കി സമർപ്പിച്ച നിർദ്ദേശത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പഠനത്തിൽ മികവുള്ള കുട്ടികളെ കൃത്യമായി കണ്ടെത്താൻ കഴിയും എന്നതാണ് നിർദ്ദേശിച്ചിരിക്കുന്ന ചോദ്യപേപ്പർ രീതിയുടെ പ്രധാനപ്പെട്ട മേന്മയായി ചൂണ്ടിക്കാട്ടുന്നത്.എട്ടാം ക്ലാസ് മുതലുള്ള പരീക്ഷകളിൽ പാസാകാൻ ഈ വർഷം മുതൽ വിഷയ മിനിമം രീതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന 20% ചോദ്യങ്ങൾ ആഴത്തിലുള്ള അറിവ് പരിശോധിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്.
ശരിയുത്തരം തെരഞ്ഞെടുത്ത് എഴുതുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും ചേരുംപടി ചേർക്കുന്ന രീതിയിലുള്ള മാച്ചിംഗ് ചോദ്യങ്ങളും ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട ചോദ്യങ്ങളും വിശദമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങളും തുറന്ന ചോദ്യങ്ങളും ചോദ്യപേപ്പറിൽ ഉണ്ടാകണമെന്നും നിർദ്ദേശമുണ്ട്.ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്തവർഷം എട്ടിലും ഒമ്പതിലും തൊട്ടടുത്ത വർഷം 8 9 10 ക്ലാസുകളിലും ഈ രീതി നടപ്പാക്കാൻ ആണ് നിലവിൽ തീരുമാനം.