മഴ ശക്തമായി; പേരാമ്പ്രയിൽ പലയിടങ്ങളിലായി മരംവീണ് ഗതാഗത തടസ്സം
പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റി ഗതാഗത തടസ്സം നീക്കം ചെയ്തു

പേരാമ്പ്ര: ഇന്നലെ കാലത്ത് മുതൽ ഏറെനേരം പെയ്ത മഴയിൽ പേരാമ്പ്രയുടെ പലഭാഗങ്ങളിലും റോഡരികിലുള്ള മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെ പേരാമ്പ്ര ബൈപ്പാസ് ആലോകൂട്ടം റോഡിൽ റോഡരികിലുള്ള പ്ലാവ് മുറിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപിന്റെ നേതൃത്വത്തിൽ എത്തിയ ഒരു യൂണിറ്റ് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
വൈകുന്നേരം പന്തിരിക്കര പെരുവണ്ണാമൂഴി റോഡിൽ മരം വീണു ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ വിനോദിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നിലയത്തിലെ ഉദ്യോഗസ്ഥരായ ടി. ബബീഷ്, ആർ. ജിനേഷ്, എം. മനോജ്, ആരാധ് കുമാർ, ഹോം ഗാർഡ് കെ.പി. ബാലകൃഷ്ണൻ, രാജീവൻ എന്നിവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.