മൂല്യബോധമുള്ള സമൂഹ സൃഷ്ടിയിൽ വയോജനങ്ങൾക്കുള്ള പങ്ക് മഹത്തരം; വി.പി. ഷൗക്കത്തലി
പേരാമ്പ്രയിൽ ഗ്രാൻഡ് പാരൻസ് ഡേ വി.പി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: വിഭാഗീയ ചിന്തകളാൽ മലീമസമായി വരുന്ന ചുറ്റുപാടിനെ മാനവികതയും നീതിയും നന്മയും സാഹോദര്യവും ഉൽഘോഷിക്കുന്ന ഖുർആനിക പാഠങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്നും അത്തരം മൂല്യബോധമുള്ള സമൂഹ സൃഷ്ടിയാണ് ഹെവൻസ് പ്രീസ്കൂൾ ലക്ഷ്യമാക്കുന്നതെന്നും പുതിയകാലത്ത് ആ ദൗത്യ നിർവഹണത്തിൽ വയോജനങ്ങൾക്ക് വലിയ പങ്ക് നിർവഹിക്കാൻ ഉണ്ടെന്നും ഇത്തിഹാദുൽ ഉലമ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം വി.പി. ഷൗക്കത്തലി അഭിപ്രായപ്പെട്ടു. ഹെവൻസ് പ്രീ സ്കൂളും സ്റ്റാർ ഹാബിറ്റ്സ് സ്കൂളും സംയുക്തമായി പേരാമ്പ്രയിൽ സംഘടിപ്പിച്ച ഗ്രാൻഡ് പാരൻസ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ. മുബീർ അദ്ധ്യക്ഷത വഹിച്ചു. ഓർഫനേജ് കമ്മിറ്റി ട്രഷറർ കെ. ഇമ്പിച്യാലി ഉപഹാര വിതരണം നടത്തി. ദാറുന്നുജും ഓർഫനേജ് സ്ഥാപകാംഗം വി.ടി. കുഞ്ഞാലി, സെക്രട്ടറി പി.കെ. ഇബ്രാഹിം, മാനേജർ അബ്ദുൽ കരീം മാവൂർ, കമ്മിറ്റി അംഗങ്ങളായ സി അബ്ദുറഹ്മാൻ,സിറാജ് കെ, സുബൈദ വി.ടി., എം.പി.ടി.എ. പ്രസിഡൻ്റ് സഹലത്ത്, സി. മൊയ്തു മൗലവി, ഷംസീർ കെ.കെ. എന്നിവർ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് മുജാഹിദ് കെ.കെ. സ്വാഗതവും പ്രിൻസിപ്പാൾ നജ്മ യു. നന്ദിയും പറഞ്ഞു. അബാൻ ലത്തീഫ് ഖിറാഅത്ത് നടത്തി. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

