ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ പൊതു പരിപാടികളില്‍ അവഗണിക്കുന്നതിനെതിരെ സിപിഐ
വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടികളുടെ പോസ്റ്ററുകളില്‍ പ്രസിഡന്റിന്റെ പേരും ചിത്രവും അവഗണിക്കുകയാണെന്നാണ് സിപിഐ
ചെറുവണ്ണൂര്‍. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധയെ പൊതു പരിപാടികളില്‍ നിന്ന് അവഗണിക്കുന്നതായി പരാതി. ഇത് ചൂണ്ടിക്കാണിച്ച് സിപിഐയാണ് രംഗത്ത് വന്നിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് ചെറുവണ്ണൂര്‍ ഹോമിയോ ഡിസ്പെന്‍സറി മാതൃകാ ഹോമിയോ ഡിസ്പെന്‍സറിയായി ഉയര്‍ത്തുന്ന പോസ്റ്ററില്‍ പ്രസിഡന്റിന്റെ ചിത്രം കൂടി ചേര്‍ത്ത് പ്രസിദ്ധപ്പെടുത്തി. ഇന്ന് വൈകീട്ടാണ് ഈ പരിപാടി നടക്കുന്നത്.
പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടികളുടെ പോസ്റ്ററുകളിലും പ്രഖ്യാപനങ്ങളിലും പഞ്ചായത്ത് പ്രസിഡന്റിന്റെ പേരും ചിത്രവും തുടര്‍ച്ചയായി അവഗണിക്കുകയാണെന്നാണ് സിപിഐയുടെ പരാതി. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ ചിത്രങ്ങള്‍ വച്ച് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ പോസ്റ്ററില്‍ നിന്ന് സിപിഐ ക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെ ബോധപൂര്‍വ്വം ഒഴിവാക്കിയെന്നാണ് സിപിഐ ആരോപിക്കുന്നത്.
ഇതിനെതിരെ അന്നേ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനെ അവഗണിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ജനപ്രതിനിധിയെ അവഗണിച്ച് മുന്നോട്ട് പോവാനുള്ള ശ്രമം വിലപ്പോവില്ലെന്നും സിപിഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൊയിലോത്ത് ഗംഗാധരന്‍ പറഞ്ഞു. നേരത്തേ ചെറുവണ്ണൂര്‍ ഗവ. ഹൈസ്കൂളില്‍ നടന്ന പൊതു പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററില്‍ നിന്ന് പ്രസിഡന്റിന്റെ ചിത്രം ഒഴിവാക്കിയത് വിവാദമായിരുന്നതാണ്.
പിന്നീട് എ.എല്‍.പിസ്കൂളിന്റെ ശിലാസ്ഥാപന ചടങ്ങിലും അവഗണനയുണ്ടായതായി പാര്‍ട്ടി ആരോപിച്ചു. ശിലാഫലകത്തില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് മാത്രം ഒഴിവാക്കുകയായിരുന്നു.

