കൂരാച്ചുണ്ട് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി മുസ്‌ലിംലീഗ്-കോൺഗ്രസ് തർക്കം
കോൺഗ്രസ് അംഗമായ പോളി കാരക്കടയാണ് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്

കൂരാച്ചുണ്ട്: മുന്നണി ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുസ്ലിംലീഗിന് നൽകാത്തതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. ഭരിക്കുന്ന കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിൽ മുസലിംലീഗ്-കോൺഗ്രസ് തർക്കം രൂക്ഷമായി. നാലുവർഷം കഴിഞ്ഞാൽ മുസ്‌ലിംലീഗിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് കൈമാറണമെന്നാണ് നേരത്തേ ഉണ്ടായിരുന്ന ധാരണയെന്ന് മുസ്‌ലിംലീഗ് പറയുന്നു. ഇത് പ്രാവർത്തികമാകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസുമായുള്ള മുഴുവൻ ബന്ധവും ഉപേക്ഷിക്കുകയാണെന്ന് ലീഗ് നേതാക്കൾ അറിയിച്ചു.
നാലുവർഷമായി കോൺഗ്രസ് അംഗമായ പോളി കാരക്കടയാണ് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്. ഡിസംബറിൽ നാലുവർഷം പൂർത്തിയായതോടെ ലീഗ് നേതൃത്വം പ്രസിഡൻ്റ് പദവിക്ക് ആവശ്യമുന്നയിച്ചെങ്കിലും കോൺഗ്രസ് പ്രാദേശിക നേതൃത്വം അംഗീകരിച്ചിരുന്നില്ല. ജില്ലാ-നിയോജകമണ്ഡലം യു.ഡി.എഫ്. നേതൃത്വം ഇടപെട്ട് വിഷയം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതിൻറെ അടിസ്ഥാനത്തിൽ ലീഗ് പ്രാദേശികനേതൃത്വം കടുത്ത തീരുമാനങ്ങളെടുത്തിരുന്നില്ല. ഡിസംബർ 31-നു മുൻപ് വിഷയം പരിഹരിക്കുമെന്ന പ്രതീക്ഷയും നടത്താതിരുന്നതോടെ പരസ്യ പ്രതികരണവുമായി ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു. ധാരണ പാലിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകാത്തതിനാലാണ് കോൺഗ്രസുമായുള്ള മുഴുവൻ ബന്ധവും ഉപേക്ഷിക്കുന്നതെന്ന് മുസ്‌ലിം ലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് .എസ്. ഹമീദ്, ജനറൽസെക്രട്ടറി ഒ.കെ. നവാസ്, ട്രഷറർ അസീസ് വട്ടുകുനി എന്നിവർ അറിയിച്ചു. 2020-ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള 13 സീറ്റിൽ എട്ടുസീറ്റിലാണ് യു.ഡി.എഫ്. വിജയിച്ചിരുന്നത്. അതിൽ കോൺഗ്രസ് ആറുസീറ്റിലും മുസ്‌ലിംലീഗ് ഒരുസീറ്റിലും യു.ഡി.എഫ്. സ്വതന്ത്രൻ ഒരുസീറ്റിലുമായിരുന്നു ജയിച്ചിരുന്നത്.എൽ.ഡി.എഫിൽ സി.പി.എമ്മും കേരള കോൺഗ്രസും രണ്ടുസീറ്റിലും വിജയിച്ചിരുന്നു. പഞ്ചായത്തിലെ ആറാം വാർഡിൽ സ്വതന്ത്രസ്ഥാനാർഥി അരുൺ ജോസിനായിരുന്നു വിജയം.