ഷാഹുൽഹമീദ് നടുവണ്ണൂരും മലോൽ നാരായണൻ മാസ്റ്ററും ഇടതു പക്ഷത്തേക്ക്
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം നിന്ന് പ്രവർത്തിക്കും
നടുവണ്ണൂർ: മുസ്ലിംലീഗിൽ നിന്ന് രാജിവച്ച ഷാഹുൽഹമീദ് നടുവണ്ണൂരും കോൺഗ്രസ് സീനിയർ നേതാവായിരുന്ന മലോൽ പി നാരായണൻ മാസ്റ്ററും എൽഡിഎഫ് വേദിയിലെത്തി. നടുവണ്ണൂരിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലാണ് ഇരുവരും എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ശാഹുൽഹമീദ് പറഞ്ഞു. ലീഗിൽ നിന്ന് ഇനിയും ആളുകൾ ഇടതുപക്ഷത്തേക്ക് വരാനിരിക്കുകയാണ്. പിണറായി വിജയൻ സർക്കാർ നാടിനുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ എൽഡിഎഫിനെ വിജയത്തിലേക്ക് നയിക്കുമെന്നും ഷാഹുൽ ഹമീദ് പറഞ്ഞു.
65 വർഷമായി കോൺഗ്രസിൽ പ്രവർത്തിച്ച തന്നെ കഴിഞ്ഞ അഞ്ചുവർഷമായി ഒരു പരിപാടിക്കും കോൺഗ്രസ് പാർട്ടി ക്ഷണിക്കാറില്ലെന്ന് നാരായണൻ മാസ്റ്റർ പറഞ്ഞു. അതേസമയം കഴിഞ്ഞ അഞ്ചുവർഷം എൽഡിഎഫ് ഭരണസമിതി നല്ല പരിഗണന നൽകുകയും പല ചുമതലകൾ ഏൽപ്പിക്കുകയും ഭംഗിയായി നിറവേറ്റുകയും ചെയ്തു. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല താൻ കോൺഗ്രസ് വിടുന്നത് എന്നും നാരായണൻ മാസ്റ്റർ സൂചിപ്പിച്ചു. സമ്മേളനം തുടങ്ങി കഴിഞ്ഞതിനു ശേഷം സ്റ്റേജിലേക്ക് വന്ന ഷാഹുൽഹമീദിനെ ഹർഷാരങ്ങളോടെയും ഇൻക്വിലാബ് വിളിച്ചുമാണ് അണികൾ എതിരേറ്റത്.സ്റ്റേജിൽ എത്തിയതിനു ശേഷം ഇദ്ദേഹത്തെ ചുവപ്പ് മാല അണിയിച്ച് സ്വീകരിച്ചു.

