ശക്തമായ മലവെള്ളപ്പാച്ചില്‍ ;ഇരുവഞ്ഞിപുഴയിലും, പതങ്കയത്തും അമ്പതോളം ആളുകള്‍ കുടുങ്ങി
പതങ്കയം സംരക്ഷണ സമിതി പ്രവര്‍ത്തകരും മുക്കത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് എല്ലാവരെയും കരകളില്‍ എത്തിക്കുകയായിരുന്നു.

കോഴിക്കോട്: ശക്തമായ മലവെള്ളപ്പാച്ചില്‍ ഇരുവഞ്ഞി പുഴയിലും, പതങ്കയത്തും അമ്പതോളം ആളുകള്‍ കുടുങ്ങി.വനത്തില്‍ ശക്തമായ വേനല്‍ മഴ പെയ്തതിനെ തുടര്‍ന്ന് ഇന്നലെ ഇരുവഞ്ഞിപുഴയിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി.ഇന്നലെ പതങ്കയത്ത് ധാരാളം ആളുകൾ എത്തിയിരുന്നു. ഒരു മാസത്തി നുള്ളിൽ രണ്ടുപേർ മുങ്ങി മരിച്ച പ്രദേശമാണ് പതങ്കയം.
അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചില്‍ സമയത്ത് പതങ്കയത്ത് പുഴയില്‍ കുളിക്കുന്നതിനായി സ്ത്രീകളും കുട്ടികളും യുവാക്കളും അടങ്ങുന്ന അമ്പതോളം പേര്‍ ഉണ്ടായിരുന്നു. പെട്ടെന്ന് മലവെള്ളം വന്നപ്പോള്‍ കുളിച്ചു കൊണ്ടിരുന്നവരെല്ലാം ഉയര്‍ന്ന പാറകളുടെ മുകളില്‍ കയറിയതിനാല്‍ എല്ലാവരും രക്ഷപ്പെട്ടു.
പതങ്കയം സംരക്ഷണ സമിതി പ്രവര്‍ത്തകരും മുക്കത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് എല്ലാവരെയും കരകളില്‍ എത്തിക്കുകയായിരുന്നു. ആ സമയത്ത് നൂറിലേറെ സഞ്ചാരികൾ പ്രദേശത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ പകച്ച സഞ്ചാരികൾ ഉയർന്ന പാറക്കെട്ടുകളിൽ അഭയം തേടിയത് ആളപായമൊന്നും ഇല്ലാതാക്കാൻ സഹായിച്ചു.