ഇൻഡിഗോ പ്രതിസന്ധി: ക്ഷമാപണവുമായി കമ്പനി, മുഴുവൻ പണവും റീഫണ്ട് ചെയ്യും
പൈലറ്റ് ക്ഷാമം മൂലമാണ് ഇൻഡിഗോയുടെ വിമാന സർവീസുകൾ തടസ്സപ്പെട്ടത്.
ഡൽഹി: തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതിന് പിന്നാലെ യാത്രക്കാരോട് ക്ഷമാപണം നടത്തി ഇൻഡിഗോ കമ്പനി. റീഫണ്ട് മുൻഗണനാ ക്രമത്തിൽ പരിഗണിക്കുന്നതായി കമ്പനി ശനിയാഴ്ച അറിയിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് തങ്ങളുടെ ഉപഭോക്താക്കളോട് കമ്പനി ക്ഷമാപണം നടത്തിയത്.
ഇന്ന് രാത്രി എട്ട് മണിക്കുള്ളിൽ യാത്രക്കാർക്കുള്ള എല്ലാ റീഫണ്ടുകളും തീർപ്പാക്കാൻ കേന്ദ്ര സർക്കാർ കമ്പനിയോട് നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇത്തരത്തിലുള്ള ഒരു അറിയിപ്പുണ്ടായത്.“മുൻഗണനയായി പരിഗണിച്ചുകൊണ്ട് എല്ലാ ഉപഭോക്താക്കളുടെയും പണം തിരികെ നല്‍കുന്നതായിരിക്കും. നിങ്ങള്‍ക്ക് സമയബന്ധിതമായ അപ്‌ഡേറ്റുകൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ വിമാനത്താവളങ്ങളുമായും പങ്കാളികളുമായും അടുത്ത് പ്രവർത്തിക്കുന്നു.” ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
പൈലറ്റ് ക്ഷാമം മൂലമാണ് ഇൻഡിഗോയുടെ വിമാന സർവീസുകൾ തടസ്സപ്പെട്ടത്. ആസൂത്രണത്തിലെ പിഴവുകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. വിമാനത്താവള ത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും റീഫണ്ട് സഹായത്തിനായി കസ്റ്റമര്‍ കെയറുമായ ബന്ധപ്പെടാനും കമ്പനി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഉപഭോക്താക്കൾ ക്കുണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ ഖേദിക്കുന്നുവെന്നും കമ്പനി പറഞ്ഞു.അതേസമയം, തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളിൽ അധിക കോച്ചുകൾ ഇന്ത്യൻ റെയിൽവേ അനുവദിച്ചു. 37 പ്രീമിയം ട്രെയിനുകളിലായി 116 അധിക കോച്ചുകൾ വിന്യസിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

