വോട്ടെണ്ണൽ ദിനത്തിൽ പേരാമ്പ്രയിൽ കർശന നിയന്ത്രണങ്ങൾ
പ്രകടനങ്ങളുടെ റൂട്ട്, സമയം, തുടങ്ങിയവ മുൻകൂട്ടി പോലീസിൽ അറിയിച്ച് അനുമതി വാങ്ങണം
പേരാമ്പ്ര: പേരാമ്പ്രയിൽ വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയ പാർട്ടികളുടെ വിജയാഹ്ളാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് പ്രകാരം പ്രകടനങ്ങളുടെ റൂട്ട്, സമയം, തുടങ്ങിയവ മുൻകൂട്ടി പോലീസിൽ അറിയിച്ച് അനുമതി വാങ്ങിയ ശേഷം മാത്രം നടത്തേണ്ടതാണ്. ബൂത്ത് തലത്തിൽ മാത്രം നടത്തുന്ന പ്രകടനങ്ങളുടെ, റൂട്ട് ,സമയം എന്നിവയും കൂടാതെ വാർഡ് തലത്തിൽ ജയിച്ച സ്ഥാനാർത്ഥിയുടെ പ്രകടനവും, മറ്റു തലത്തിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ പ്രകടനവും ഒരേ റൂട്ടിൽ നടത്തുന്നുണ്ടെങ്കിൽ പോലീസിൻറ അനുമതി വാങ്ങി റൂട്ട്, സമയം എന്നിവ പരസ്പര ധാരണയോടെ തീരുമാനിച്ചു മാത്രമേ നടത്താൻ പാടുള്ളൂ .
പോലീസിൻറ അനുമതിയുള്ള വാഹനങ്ങളിൽ മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടുള്ളൂ. ഉച്ചഭാഷിണിയിൽ അനുവദനീയമായ ശബ്ദത്തിലും, പൊതു ജനങ്ങൾക്ക് അലോസരമുണ്ടാകാത്ത വിധത്തിലും മാത്രമേ ഉച്ഛഭാഷിണി ഉപയോഗിക്കാൻ പാടുള്ളൂ. വിജയാഹ്ളാദ പ്രകടനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ മോട്ടോർ വാഹന നിയമം പാലിച്ച് മാത്രമേ ആളുകളെ കയറ്റാൻ പാടുള്ളൂ. ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേരും, തുറന്ന വാഹനങ്ങളിൽ കേബിനിൽ മാത്രമേ ആളുകളെ കയറ്റാൻ പാടുള്ളൂ).
സ്ഥാനാർത്ഥിയെ വഹിച്ചുകൊണ്ടുള്ള വാഹനങ്ങളിൽ മൂന്നുപേരിൽ കൂടുതൽ ആളുകൾ കയറാൻ പാടുള്ളതല്ല.ഗുഡ്സ് വാഹനങ്ങളിലും മറ്റ് തുറന്ന വാഹനങ്ങളിലും ആളുകളെ കയറ്റി പ്രകടനങ്ങൾ നടത്താൻ പാടുള്ളതല്ല. കൗണ്ടിംഗ് സെൻറ്ററിൽ നിന്നും ഏതെങ്കിലും പ്രകടനങ്ങൾ തുടങ്ങുന്നുണ്ടെങ്കിൽ അവിടെയുള്ള പോലീസ് എയ്ഡ് പോസ്റ്റ് ൽ നിന്നും പ്രകടനം തുടങ്ങുന്ന സമയം, റൂട്ട് എന്നിവ അറിയിച്ചതിനു ശേഷം പോലീസിൻറെ അനുമതി വാങ്ങി മാത്രമേ പ്രകടനം തുടങ്ങാൻ പാടുള്ളൂ. പൊതുസ്ഥലങ്ങളിലും, പബ്ലിക് റോഡുകളിലും, ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിലും, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു എതിർ കക്ഷികളുടെ വീടുകളുടേയോ, ഓഫീസുകളുടെയോ മുൻപിൽ വെച്ച് സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുത്. ഏതെങ്കിലും നിർദേശം ലംഘിച്ച് അശ്രദ്ധമായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ സ്കൂൾ ഗ്രൌണ്ടിൽ മാത്രമേ നിൽക്കുവാൻ പാടുള്ളൂ. ഫയർഫോഴ്സ് ഗ്രൌണ്ടിൽ നിൽക്കാൻ പാടില്ലാത്തതാണ്. നാലുമണി മുതൽ 6 മണി വരെയുള്ള സമയത്ത് മറ്റു കക്ഷികളുടെ വിജയാഹ്ലാദപ്രകടനം നടത്താവുന്നതും പ്രകടനം ആരംഭിക്കുന്ന സമയം പോലീസിനെ അറിയിച്ചു നിശ്ചയിച്ച സമയത്ത് മാത്രം പ്രകടനം നടത്തുകയും ചെയ്യേണ്ടതാണ്. മേൽ നിർദ്ദേശങ്ങൾ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ പോലീസ് കർശനമായി നിയമനടപടി സ്വീകരിക്കുന്നതാണെന്നും പേരാമ്പ്ര ഡി വൈ എസ് പി അറിയിച്ചു.

