പെരുവണ്ണാമൂഴിയില്‍ വന്യമൃഗങ്ങളെ പേടിച്ച് കര്‍ഷകര്‍ ഭൂമി വിട്ടു കൊടുക്കുന്നു
വന്യമൃഗ ശല്യവും കാർഷികവിളകളുടെ നാശവും കാരണം പ്രദേശത്ത് കൃഷിചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് ഭൂമി വനംവകുപ്പിന് കൈമാറാൻ കർഷകർ തയ്യാറാകുന്നത്
പെരുവണ്ണാമൂഴി: പൂഴിത്തോട് ഭാഗത്തെ വനമേഖലയോട് ചേർന്നുള്ള കൃഷിഭൂമി കർഷകരുടെ അപേക്ഷപ്രകാരം വനംവകുപ്പ് ഏറ്റെടുക്കുന്നതിനുള്ള പ്രാഥമികനടപടികൾ ആരംഭിച്ചു. ചക്കിട്ടപാറ പഞ്ചായത്തില്‍ നാലാംവാർഡിൽപ്പെടുന്ന കരിങ്കണ്ണി, താളിപാറ, രണ്ടാംചീളി, മാവട്ടം, അണുങ്ങൻപാറ എന്നി പ്രദേശങ്ങളിലെ സ്വകാര്യവ്യക്തികളുടെ ഭൂമിയാണ് വനംവകുപ്പ് സർക്കാരിന്റെ പ്രത്യേക പദ്ധതിയിൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്നത്.250 ഏക്കർ സ്ഥലം ഈ മേഖലയിൽ വനം വകുപ്പ് ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ട്.ചക്കിട്ട പാറ പഞ്ചായത്തിന്റെ അതിർത്തിപ്രദേശമാണിത്.
വന്യമൃഗ ശല്യവും കാർഷികവിളകളുടെ നാശവും കാരണം പ്രദേശത്ത് കൃഷിചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് കൃഷി ഭൂമി വനംവകുപ്പിന് കൈമാറാൻ കർഷകർ തയ്യാറാകുന്നത്. ഇതിനകം 110-ഓളം പേര്‍ ഭൂമി വിട്ടുനൽകാൻ തയ്യാറായിട്ടുണ്ടെന്നാണ് ജന പ്രതിനിധികൾ പറയുന്നത്. കാട്ടുപന്നിയുടേയും കാട്ടാനയുടേയും കുരങ്ങന്റേയും ശല്യം കാരണം ഇവിടെ ഏറെക്കാലമായി കൃഷിചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. ഇതോടൊപ്പം തെങ്ങിന്റെ കൂമ്പ് ചീയലും കവുങ്ങ് മഞ്ഞളിപ്പുമെല്ലാം മേഖലയിൽ കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയിരുന്നു. നിരവധി കുടുംബങ്ങൾ ഇതിനകം തന്നെ താമസം മാറ്റി.
2000-ത്തിന് ശേഷം കർഷകരുടെ ആവശ്യം പരിഗണിച്ച് മുൻ എം.എൽ.എ. ആയിരുന്ന കെ. കുഞ്ഞമ്മദിന്റെ നേതൃത്വത്തിൽ ഭൂമി സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പിന്നാലെ വനംവകുപ്പ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. സ്ഥലം ഏറ്റെടുക്കൽ നടപടിയുടെ മുന്നോടിയായി സ്ഥലമുടമകളുടെ യോഗം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ അധ്യക്ഷതയിൽ ന്നിരുന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസർ കെ.വി. ബിജു നടപടികൾ വിശദീകരിച്ചു.
ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ ഇ. ബൈജുനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരംസമിതി ചെയർമാൻമാരായ സി.കെ. ശശി, ഇ.എം. ശ്രിജിത്ത്, പഞ്ചായത്തംഗം ബിന്ദു സജി തുടങ്ങിയവർ പങ്കെടുത്തു.തുടർ നടപടികൾ നടത്തുന്നതിന് സഹായിക്കാനായി സി.കെ. ശശി ചെയർമാനും എ.സി. സുരേന്ദ്രൻ കൺവീനറുമായുള്ള കമ്മിറ്റി രൂപവത്കരിച്ചു

