പേരാമ്പ്രയിൽ നാളികേര സെമിനാർ സംഘടിപ്പിച്ചു
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ലോക നാളികേര ദിനാചരണത്തിന്റ ഭാഗമായി പേരാമ്പ്രയിൽ നാളികേര സെമിനാർ സംഘടിപ്പിച്ചു.കൊച്ചി നാളികേര വികസന ബോർഡിന്റെയും കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു നാളികേര സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു നിർവഹിച്ചു.
നാളികേരത്തിൽ നിന്നുണ്ടാക്കാവുന്ന വിവിധ ഉത്പന്നങ്ങളെക്കുറിച്ച് സെമിനാറിൽ വിശദീകരിച്ചു. നാളികേരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ.കെ.എം പ്രകാശ്, ഡോ.കെ.കെ ഐശ്വര്യ, എ. ദീപ്തി, സി.കെ ജയകുമാർ ക്ലാസെടുത്തു. വിവിധ കാർഷിക വായ്പാ പദ്ധതികളെ കുറിച്ച് എച്ച്.ഡി.എഫ്.സി പേരാമ്പ്ര ശാഖാ മാനേജർ സുജയ് കൃഷ്ണനും നാളികേരം ഉപയോഗിച്ച് നിർമ്മിക്കാവുന്ന വ്യത്യസ്ത രുചിക്കൂട്ടുകളെ സംബന്ധിച്ച് ടേസ്റ്റ് മൗണ്ടൻ സംരംഭക സോനാ ബജിത്ത് എന്നിവർ വിശദീകരിച്ചു.
പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു.കെ.വി.കെ പ്രോഗ്രാം കോർഡിനേറ്റർ ഡോ. പി.രാധാകൃഷ്ണൻ, സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഡോ. കെ.എം പ്രകാശ്, പി.കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.