തൊഴിലാളികൾ കളം മാറി: തേങ്ങയിടാൻ ആളില്ലാതെ കർഷകർ
തൊഴിലാളികളുടെ എണ്ണത്തിൽ മൂന്നു പതിറ്റാണ്ടിനിടയിൽ ലക്ഷങ്ങളുടെ കുറവ്

കോഴിക്കോട്: പത്തു തെങ്ങിന് നാലുതേങ്ങയെന്ന് തൊഴിലാളികൾ മുദ്രാവാക്യമുയർത്തിയ കാലമൊക്കെ പോയി. തെങ്ങൊന്നിന് 40 മുതൽ 100 രൂപവരെയാണ് കൂലിയെങ്കിലും തെങ്ങിൽ കയറാനാളില്ലാതെ ഊഴലുകയാണ് നാട്ടുകാർ. സംസ്ഥാനത്ത് ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ ലക്ഷങ്ങളുടെ കുറവാണുണ്ടായത്. ഏണിക്കും തളയ്‌ക്കും പകരം യന്ത്രങ്ങൾ വന്നിട്ടും തെങ്ങുകയറാൻ ആളെ കിട്ടാനില്ല.
കൂലി കൂടിയെങ്കിലും തൊഴിൽ ദിനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും പരമ്പരാഗതമായി ഈ രംഗത്തുള്ള പലരും ജോലി ഉപേക്ഷിക്കാൻ കാരണമായി. നാളികേരത്തിന്റെ വില ത്തകർച്ചയും ഇറക്കുമതിയും കാർഷിക രോഗങ്ങളും പ്രതിസന്ധി മൂർച്ഛിപ്പിച്ചു. ഇത് ഉൽപ്പാദന ക്ഷമതയെയും ബാധിച്ചു കഴിഞ്ഞു.
1990 വരെ തെങ്ങുകയറ്റ മേഖലയിൽ മൂന്നര ലക്ഷത്തിലേറെ തൊഴിലാളികളുണ്ടായിരുന്നു. നിലവിൽ രണ്ടര ലക്ഷത്തോളം പേരാണുള്ളത്. തെങ്ങുകയറ്റത്തിലെ അപകട സാധ്യത കാരണം പുതു തലമുറയും കടന്നു വരാൻ മടിക്കുകയാണ്. 1980-ൽ എൽഡിഎഫ് സർക്കാർ കാലത്ത് തെങ്ങു കയറ്റ തൊഴിലാളികൾക്ക് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. തൊഴിലാളി അപകടത്തിൽ മരിച്ചാൽ 10,000 രൂപ ധന സഹായം നൽകി. 2006ൽ തെങ്ങു കയറ്റ തൊഴിലാളികൾക്ക് ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കി. ഓരോ തൊഴിലാളിയും ഒരു വർഷത്തേക്ക് 30 രൂപ നിരക്കിൽ ഇൻഷുറൻസ് പ്രീമിയം അടയ്‌ക്കണമായിരുന്നു. പിന്നീട് ഈ പ്രീമിയം തുക തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ വകയിരുത്താൻ അനുവദിച്ചു. എന്നാൽ പദ്ധതി നടത്താനായില്ല. സുരക്ഷാ പദ്ധതികളും നിലവിലില്ല.
നാളികേര വികസന ബോർഡിന്റെ ഇൻഷുറൻസ് പദ്ധതിയിൽ വാർഷിക പ്രീമിയം 99 രൂപ അടച്ച് തൊഴിലാളികൾക്ക് ചേരാം. അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ അസംഘടിത തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതിയിലും തെങ്ങ് കയറ്റ തൊഴിലാളികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇവയെല്ലാമുണ്ടായിട്ടും നാട്ടിൻപുറത്തെ കർഷകർ തെങ്ങുകയറ്റക്കാർക്കായി പരക്കം പായുകയാണ്.