താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഒന്നര മണിക്കൂർ ഗതാഗതം മുടങ്ങി
വൈകിട്ട് നാല് മണിയോടെയാണ് വ്യൂ പോയിന്റിനു സമീപം മണ്ണിടിഞ്ഞത്

താമരശേരി: താമരശേരി ചുരത്തിൽ പെയ്ത ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് ഒന്നര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ (ചൊവ്വ) വൈകിട്ട് നാല് മണിയോടെയാണ് ചുരത്തിൽ വ്യൂ പോയിന്റിനു സമീപം മണ്ണിടിഞ്ഞത്. വലിയ കല്ലുകളും മരങ്ങളും റോഡിലേക്ക് വീഴുകയായിരുന്നു. കൽപ്പറ്റയിൽ നിന്ന് അഗ്നി രക്ഷാസേന എത്തി മരങ്ങൾ മുറിച്ചു മാറ്റി.
ചുരത്തിലും അടിവാരം, പുതുപ്പാടി പ്രദേശങ്ങളിലും ഉച്ചയ്ക്കുശേഷം ശക്തമായ മഴയായിരുന്നു. പോത്തുണ്ടി, പൊട്ടികൈ പുഴകൾ നിറഞ്ഞ് ഒഴുകി. പൊട്ടികൈയിൽ രണ്ട് വീടുകളിൽ വെള്ളംകയറി.
രണ്ട് മണ്ണു മാന്തി യന്ത്രവും ടിപ്പർ ലോറികളും ഉപയോഗിച്ച് മണ്ണിനീക്കി അഞ്ചരയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശേരി പൊലീസും ഗതാഗതം നിയന്ത്രിച്ചു