വേളം പഞ്ചായത്തിലെ തരിശുപാടങ്ങൾ ഇനി കതിരണിയും
കാർഷിക വികസനത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതി ആരംഭിച്ചു

കുറ്റ്യാടി: ജില്ലയിൽ കൂടുതൽ നെൽ വയലുകളുള്ള വേളം പഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിന്റെ നെൽകൃഷി വികസന പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന "കതിരണി’ പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെയാണ് വേളം പഞ്ചായത്തിലെ തരിശുപാടങ്ങൾ കതിരണിയുന്നത്. പഞ്ചായത്തിൽ 13 പാടശേഖരങ്ങളായി 318 ഹെക്ടർ നെൽവയലാണുള്ളത്. ഇതിൽ 130 ഹെക്ടറിലാണ് കൃഷി നടത്തുന്നത്.
പദ്ധതിയുടെ ഭാഗമായി ബാക്കി തരിശിട്ടിരിക്കുന്ന 188 ഹെക്ടർ വയലും കൃഷിക്കുപയുക്തമാക്കും. വെള്ളം കിട്ടാത്തതും വെള്ളം അധികമായി കെട്ടിക്കിടന്ന് നെല്ല് നശിക്കുന്നതും തൊഴിലാളി ക്ഷാമവുമെല്ലാമാണ് നെൽവയൽ തരിശായി കിടക്കാൻ കാരണം.
വെള്ളക്കെട്ട് മാറ്റാനും വെള്ളം ലഭിക്കാത്ത ഇടങ്ങളിൽ കുളങ്ങളും മറ്റും കുഴിച്ച് ജലസേചന പദ്ധതികൾക്ക് രൂപം നൽകാനും പദ്ധതിയിൽ രൂപരേഖയായിട്ടുണ്ട്. സോളാർ പമ്പ് സെറ്റ്, ഫാം റോഡ്, ആധുനിക യന്ത്രവത്കരണ സംവിധാനങ്ങൾ എന്നിവ പാടശേഖര സമിതി നേതൃത്വത്തിൽ നടപ്പാക്കും. ശാസ്‌ത്രീയ കൃഷി രീതിയും കൊണ്ടുവരും. പദ്ധതിയുടെ ഭാഗമായി തുലാറ്റു നടയിലും നാരായണിപ്പാലത്തും തടയണ നിർമിച്ചിട്ടുണ്ട്. ഇതിനുപുറമെ പദ്ധതിയുടെ ഭാഗമായി ടൂറിസം സാധ്യതയും ഉപയോഗപ്പെടുത്തും. ചേരാപുരം, വേളം വില്ലേജുകളിലെ പാടശേഖരങ്ങളും മനോഹരമായ തുരത്തുകളും കാണാൻ സന്ദർശകരെത്തുന്ന വിധം വേണ്ട ക്രമീകരണങ്ങളൊരുക്കും.