സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിലും എറണാകുളത്തും യെല്ലോ അലര്‍ട്ട്
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഴ ചെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. വേനല്‍ മഴ സജീവമാകുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ വ്യാഴാഴ്ച വരെ യെല്ലോ അലര്‍ട്ട് . ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് താപനില മുന്നറിയിപ്പ് തുടരുന്നത്. ഈ ജില്ലകളില്‍ സാധാരണ യുള്ളതിനേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ വരെ ഉയര്‍ന്ന താപനില ലഭിക്കും. പാലക്കാട് ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട് 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
അതേസമയം കനത്ത ചൂടിന് ആശ്വാസം നല്‍കിക്കൊണ്ട് വിവിധ ജില്ലകളില്‍ ചൊവ്വാഴ്ച വ്യാപകമായി മഴ ലഭിച്ചിരുന്നു. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ വേനല്‍ മഴ സജീവമായി ലഭിക്കുമെന്നാണ് പ്രതീക്ഷ.