പുന്നശേരി കാരക്കുന്നത്ത് അപൂർവ മത്സ്യത്തെ കണ്ടെത്തി
‘പാഞ്ചിയോ ഭുജിയൻ’ എന്ന അപൂർവയിനത്തിൽപ്പെട്ട പത്തോളം മത്സ്യങ്ങളാണ് കണ്ടെത്തിയത്
കാക്കൂർ: പുന്നശേരി കാരക്കുന്നത്ത് അപൂർവമായ പാതാള മത്സ്യ ചാകര. പുന്നശേരി കാരക്കുന്നത്ത് കുളങ്ങരക്കണ്ടി വരേണ്യംവീട്ടിൽ എൻ ദിലീപ് കുമാറിന്റെ മക്കളുടെ കരുതലാണ് കുഫോസ് ഗവേഷകർക്ക് അനുഗ്രഹമായത്.ഒന്നിനെ തേടിയെത്തിയ കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്‌റ്റഡീസ്) ഉദ്യോഗസ്ഥർക്കാണ് ‘പാഞ്ചിയോ ഭുജിയൻ’ എന്ന അപൂർവയിനത്തിൽപ്പെട്ട പത്തോളം മത്സ്യങ്ങൾ കൂടി ലഭിച്ചത്.
പൈപ്പിൽനിന്ന് വെള്ളമെടുക്കുമ്പോൾ കഴിഞ്ഞ ജൂൺ 5ന് ആയിരുന്നു ദിലീപ് കുമാറിന്റെ മൂത്തമകൾ ആദിത്യയ്ക്ക് പാതാള മീനിനെ ലഭിച്ചത്. ബക്കറ്റിലേക്കുചാടിയ കൗതുക മീനിനെ ആദിത്യയും അനിയത്തി ആവണിയും ചേർന്ന് കുപ്പിയിലാക്കി സൂക്ഷിച്ചു. കേരളത്തിൽ കണ്ടെത്തിയതായി അറിയിച്ച് കഴിഞ്ഞയാഴ്ച ഹോളിവുഡ് നടൻ ലിയനാഡോ ഡി കാപ്രിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച പാതാള പൂന്താരകന്റെ ചിത്രവും വാർത്തയും പത്രത്തിൽ കണ്ടപ്പോൾ ആവണിയാണ് വിവരം കുഫോസിനെ അറിയിക്കാൻ ചേച്ചിയോടു പറഞ്ഞത്.
പാതാള പൂന്താരകനെ ലഭിച്ച ആൾ അതിനെ ഗവേഷകർക്ക് കൈമാറിയതിനെ ടൈറ്റാനിക് നായകൻ ഡി കാപ്രിയോ അഭിനന്ദിച്ചിരുന്നു. നടൻ പങ്കുവച്ച മീനിന്റെ വർഗത്തിൽപ്പെട്ടതിനെയാണ് കാരക്കുന്നത്ത് ലഭിച്ചത്. കഴിഞ്ഞ ദിവസം ഇതിനെ കുഫോസ് അധികൃതർ പഠനത്തിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി.

