ഇനി തെങ്ങുകയറാൻ ആളെ തേടി അലയേണ്ട, ഒരു ഫോൺകോൾ മതി
കേരളത്തിൽ 700 പേർക്ക് തെങ്ങുകയറ്റത്തിന് പരിശീലനം നൽകി

കോഴിക്കോട് : തെങ്ങു കയറ്റക്കാർക്കായുള്ള നാളികേര വികസന ബോർഡിന്റെ കോൾ സെൻറർ അടുത്തമാസം മുതൽ സജ്ജമാകും. തേങ്ങയിടാനുള്ള ആൾ ക്ഷാമത്തിന് പരിഹാരമായാണ് ബ്ലോക്ക് തലത്തിൽ കോൾ സെൻറർ വരുന്നത്. കേന്ദ്രസർക്കാറിന്റെ നാളികേര വികസന ബോർഡിൻറെ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
കേരളത്തിൽ 700 ഓളം പേർ പരിശീലനം നേടി. ഒപ്പം തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള 350 പേർ വീതവും ആന്ധ്രപ്രദേശിലെ 250 പേരുമാണ് രജിസ്റ്റർ ചെയ്തത്. രാജ്യവ്യാപകമായി നാളികേര വികസന ബോർഡിൻറെ നേതൃത്വത്തിൽ 66000 പേർക്ക് തെങ്ങുകയറ്റം തെങ്ങ് സംരക്ഷണം കീട നിയന്ത്രണം എന്നിവയിൽ പരിശീലനം നൽകി.
കേരളത്തിൽ മാത്രം 30,000 ത്തിൽ അധികം പേർ വിവിധ മേഖലകളിൽ പരിശീലനം നേടിയിട്ടുണ്ട്. സൊസൈറ്റികൾ, നാളികേരള ഉൽപാദക ഫെഡറേഷനുകൾ , കൃഷിഭവനകൾ എന്നിവിടങ്ങളിൽ വഴിയായിരുന്നു പരിശീലനം. പരിശീലനം പൂർത്തിയാക്കിയവർക്ക് സൗജന്യമായി യന്ത്രങ്ങളും നൽകിയിട്ടുണ്ട്. ഇവരുടെ പേരുകൾ വെബ്സൈറ്റിൽ ലഭ്യമാകും.