കോഴിക്കോട്ടെ പഴം വിപണിക്ക് നിപാ പ്രഹരം
രോഗഭീതിയിൽ ജനം പഴം ഉപേക്ഷിച്ചത് വിപണിക്കും തൊഴിലിനും കനത്ത തിരിച്ചടിയായി
കോഴിക്കോട്: കോഴിക്കോട്ടെ പഴം വിപണിക്ക് നിപാ പ്രഹരം. വവ്വാൽ പേടിയിൽ പഴങ്ങൾ കഴിക്കുന്നത് ഉപേക്ഷിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്‌ധർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും പഴം വിപണിയെ രോഗവ്യാപനം താൽക്കാലിക മായെങ്കിലും തകർത്തിരിക്കയാണ്. രോഗഭീതിയിൽ ജനം പഴം ഉപേക്ഷിച്ചത് വിപണിക്കും തൊഴിലിനും കനത്ത തിരിച്ചടിയായി. വൈറസ് വ്യാപനം വവ്വാലുകളിൽ നിന്നാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അവ കടിച്ചിരിക്കാനിടയുള്ള പഴം കഴിക്കരുതെന്ന് മാത്രമാണ് മുന്നറിയിപ്പ്.
ദിവസേന 70 മുതൽ 80 വരെ ലോഡ് പഴവർഗങ്ങൾ എത്തിക്കൊണ്ടിരുന്ന കോഴിക്കോട് പാളയം മാർക്കറ്റിൽ ശനിയാഴ്‌ച ലോഡൊന്നും വന്നില്ല. പുലർച്ചെ ലോഡിലിറക്കാൻ എത്തിയ തൊഴിലാളികൾ പണിയില്ലാതെ മടങ്ങി. വിൽപ്പന ഇടിഞ്ഞതോടെ പുതിയ സ്റ്റോക്കെടുക്കാൻ വ്യാപാരികൾ തയ്യാറായില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഇറക്കിയവ കുറഞ്ഞ വിലയ്‌ക്ക് വിറ്റുതീർക്കുകയാണ്. എല്ലാ ഇനങ്ങൾക്കും കുത്തനെ വിലയിടിഞ്ഞു. ഉന്തുവണ്ടികളിലെ വ്യാപാരം പലരും നിർത്തിവച്ചു. പാളയം മാർക്കറ്റിൽ മുന്നൂറ്റി യമ്പതോളം കയറ്റിറക്ക് തൊഴിലാളികളും അത്രതന്നെ പീടിക തൊഴിലാളികളുമുണ്ട്. രോഗനിയന്ത്രണം സാധ്യമാവുംവരെയെങ്കിലും ഇവരിൽ ഭൂരിഭാഗത്തിനും തൊഴിൽ നഷ്ടമാവും.
പാളയം മാർക്കറ്റിൽനിന്നാണ് വടകര, നാദാപുരം ഉൾപ്പെടെ രോഗ വ്യാപനമുള്ള മേഖലകളിലേക്ക് പഴങ്ങൾ കൊണ്ടുപോകുന്നത്. നിയന്ത്രിത മേഖലകളിൽ കടകൾ അടഞ്ഞുകിടക്കുന്നതും വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതും പഴവിൽപ്പനയെ നന്നായി ബാധിച്ചു. ജ്യൂസ് ഉൾപ്പെടെ ആളുകൾ ഒഴിവാക്കുകയാണ്. വലിയ നഷ്ടം സഹിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ച പഴങ്ങൾ വിറ്റഴിച്ചതെന്ന് പാളയത്തെ വ്യാപാരി പറഞ്ഞു.
ദിവസം 3000 രൂപ മേൽവാടകയുള്ള കടമുറിയാണിത്. കടയിലുള്ളവ കിട്ടിയ വിലയ്‌ക്ക് വിറ്റുതീർക്കുകയാണ്. നഷ്ടം ഒഴിവാക്കാൻ പുതിയ ലോഡ് ഇറക്കിയില്ല’. മൊത്തവില 40 രൂപയുണ്ടായിരുന്ന പേരക്ക 10 രൂപയ്‌ക്കാണ് ശനിയാഴ്‌ച വിറ്റുതീർത്തത്. ഓറഞ്ച് വില 55ൽനിന്ന് 30 രൂപയായി. ആപ്പിളിന് നൂറിൽനിന്ന് 80 ആയും കറാച്ചി തണ്ണിമത്തന് 18ൽനിന്ന് ആറുരൂപയായും കുറഞ്ഞു. പൈനാപ്പിൾ 60 രൂപയിൽനിന്ന് നേർപകുതിയായി കുറഞ്ഞു. മുന്തിരി ഓറഞ്ചിനും കറുപ്പിനും 10 കിലോയുടെ പെട്ടിക്ക് 350–300 രൂപയായി. നേരത്തെ ഇത് 900 രൂപയായിരുന്നു.

