കുറ്റ്യാടി ജലസേചന പദ്ധതി : കനാൽ തുറന്നു
വലതുകര കനാലിലാണ് വെള്ളം തുറന്നു വിട്ടത്
പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതി ജലവിതരണത്തിനായി തുറന്നു. ഇന്നലെ രാവിലെ 8 30 യാണ് കനാൽ തുറന്നത്. ജില്ലയിൽ വരൾച്ചയും കുടിവെള്ള പ്രശ്നവും കൂടിവരുന്ന സാഹചര്യത്തിലാണ് കനാൽ തുറന്നത്. വലതുകര കനാലിലാണ് വെള്ളം തുറന്നു വിട്ടത്. പെരുവണ്ണാമുഴി അണക്കെട്ടിൽ നിന്ന് ആരംഭിക്കുന്ന കനാൽ പട്ടാണിപ്പാറ ഭാഗത്ത് വച്ചാണ് ഇടതുകര വലതുകര കനാലുകളായി പിരിയുന്നത്. ഇടതുകര കനാൽ ജില്ലയുടെ തെക്കൻ ഭാഗങ്ങളിലും വലതുകര കനാൽ വടക്കൻ ഭാഗങ്ങളിലും ജലസേചനത്തിനായി വെള്ളം എത്തിക്കും.
പെരുവണ്ണാമുഴിയിലെ സ്മൃതി മണ്ഡപത്തിൽ പദ്ധതിക്ക് വേണ്ടി ജീവത്യാഗം ചെയ്തവരെ അനുസ്മരിച്ച് കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനീയർ യുകെ ഗിരീഷ് കുമാർ ഷട്ടർ തുറന്നു. കനാലിലേക്ക് വെള്ളം ഒഴുക്കി വിട്ടു. ഈ മാസം എട്ടിന് കൊയിലാണ്ടി കോഴിക്കോട് താലൂക്കിലേക്ക് ജലം എത്തിക്കുന്ന ഇടതു കനാലും തുറക്കും. കഴിഞ്ഞ വർഷം ഫെബ്രുവരി 20നാണ് കനാൽ തുറന്നത്. തുറക്കുന്നതിന്റെ ഭാഗമായി 2.8 കോടി രൂപ ചെലവഴിച്ച നവീകരണം ശുചീകരണം കാടുവെട്ടൽ ബലപ്പെടുത്തൽ പ്രവൃത്തികൾ പൂർത്തീകരിച്ചു.

