ഇറിഗേഷൻ അനാസ്ഥ; അക്വഡേറ്റുകൾ ചോർന്ന് വെള്ളം പാഴാകുന്നു
ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാവുന്നത്
വടകര: രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് നാടും നഗരവുംനീങ്ങുമ്പോൾ ഇറിഗേഷൻ വിഭാഗത്തിന്റെ അനാസ്ഥയിൽ അക്വഡേറ്റുകൾ ചോർന്ന് വെള്ളം പാഴാവുന്നു. അക്വഡേറ്റുകളിലൂടെ ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാവുന്നത്. വടകര കൊയിലാണ്ടി താലൂക്കുകളിലെ മിക്ക അക്വഡേറ്റുകളും കാലപ്പഴക്കത്താൽ ചോർച്ചയിലാണ്. അറ്റകുറ്റപ്പണികൾ ചെയ്യാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടികളുണ്ടാകാത്തതാണ് ചോർച്ചക്കിടയായാക്കുന്നത്.
കനാലിലേക്ക് വെള്ളം തുറന്ന് വിടുന്നതിന് മുമ്പ് കനാൽ ശുചീകരിച്ചെങ്കിലും അക്വഡേറ്റുകൾ അറ്റകുറ്റപ്പണി നടത്തിയിയില്ല. വില്യാപ്പള്ളി പഞ്ചായത്തിലെ ചെക്കോട്ടി ബസാറിനടുത്തും കുട്ടോത്ത് തയ്യിലത്ത് താഴയും ചോർച്ചയിലൂടെ വെള്ളംപാഴാകുന്നത് അധികൃതരെ അറിയിച്ചിട്ട് നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വേനൽ കനക്കുമ്പോഴാണ് പെരുവണ്ണാമൂഴി ഡാം തുറന്ന് കാനലുകളിലേക്ക് വെള്ളം ഒഴുക്കി വിടുന്നത്. ഇതിലൂടെ വരൾച്ച അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഒരു പരിധിവരെ കുടിവെള്ള ക്ഷാമം പരിഹരിച്ചിരുന്നു. മറ്റ് കാർഷിക വൃത്തികൾ നടത്താനും സാധിച്ചിരുന്നു. അക്വഡേറ്റുകളുടെ അറ്റകുറ്റപ്പണി നടക്കാത്തതിനാൽ ലഭിക്കുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. അക്വഡേറ്റുകൾ നവീകരിച്ചില്ലെങ്കിൽ അപകട സാധ്യതയും ഏറെയാണ്.

