ബിരിയാണി അരിക്ക് വില കുതിക്കുന്നു; മൂന്നുമാസത്തിനിടെ 35 ശതമാനം വിലവർധന
വിവാഹം ഗൃഹപ്രവേശം തുടങ്ങിയ ആഘോഷങ്ങൾക്കും വിരുന്നുകൾക്കും ഭക്ഷണമൊരുക്കുന്നവർ വെട്ടിൽ

നടുവണ്ണൂർ: ബിരിയാണി അരിക്ക് വിപണിയിൽ വൻ വിലക്കയറ്റം. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ കയമ ഇനത്തിൽപ്പെട്ട അരിക്ക് 35% വരെ വില വർധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിലയ്ക്ക് 50 ശതമാനം വരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചനകൾ. നല്ലയിനം കയമ അരി ചില്ലറ വിൽപ്പനയ്ക്കായി കിലോഗ്രാമിന് 150 രൂപയാണ് ഈടാക്കുന്നത്. നേരത്തെ ഇതിന് 110 രൂപ വരെ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. വരും ദിവസങ്ങളിൽ ഇത് 180 വരെ എത്താമെന്നാണ് കച്ചവടരംഗത്ത് നിന്നുള്ള സൂചനകൾ. അരി വില വർധിച്ചതോടെ വിവാഹം ഗൃഹ പ്രവേശം തുടങ്ങിയ ആഘോഷങ്ങൾക്കും വിരുന്നുകൾക്കും ഭക്ഷണം ഒരുക്കുന്നവരാണ് വെട്ടിലാവുന്നത് .
' മുമ്പ് ബിരിയാണി അപൂർവ ആഹാരം എങ്കിൽ പുതിയകാലത്ത് നിത്യാഹാര പട്ടികയിലേക്ക് തന്നെ ബിരിയാണി കടന്നുവരിക്കയാണ്. പ്രധാനമായും പശ്ചിമബംഗാളിൽ നിന്നാണ് കേരളത്തിൽ കയമയരി എത്തുന്നത്. മഴ കാരണം വിത്തിറക്കാൻ സാധിക്കാത്തതും ഉൽപാദനം കുറഞ്ഞതും വില കൂടാൻ കാരണമായതായി പറയപ്പെടുന്നു. ഉൽപാദനം കുറഞ്ഞപ്പോൾ കയറ്റുമതി കൂടിയിട്ടുണ്ട്. ഭാവിയിലെ വർദ്ധനവ് പ്രതീക്ഷിച്ച വൻകിടക്കാർ അരി പിടിച്ചു വെച്ചതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. അരിവില വർദ്ധിച്ചത് ഹോട്ടലുകളെയും പ്രതിസന്ധി യിലാക്കി. ഇപ്പോൾ ഗുണ നിലവാരം കുറഞ്ഞ അരി ഉപയോഗിച്ചാണ് ബിരിയാണിയും മന്തിയും നെയ്ച്ചോറും ഒക്കെ ഉണ്ടാക്കുന്നത്. ബിരിയാണിയുടെ വിലക്കയറ്റത്തിൻ്റെ പശ്ചാത്തലത്തിൽ ബസുമതി കോല അരികൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്.