കുറ്റ്യാടി നാദാപുരം കക്കയം ഭാഗങ്ങളിൽ കനത്ത മഴ; ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി
നാദാപുരം മേഖലയിൽ ഇന്ന് പുലർച്ചെ മിന്നൽ ചുഴലിയിൽ നിരവധി നാശനഷ്ടങ്ങൾ

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ കനത്ത മഴയും കാറ്റും തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം.
കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്ന് 757.50 മീറ്ററിൽ എത്തിയതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിനാൽ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കി വിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇവിടെ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കോട്ടൂർ പഞ്ചായത്തിലെ പൂനത്ത് വാഴോറമലയിൽ കൃഷ്ണൻകുട്ടി നായരുടെ വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്ടം ഉണ്ടായി.കട്ടിപ്പാറയിൽ മല ഇടിഞ്ഞതിനെ തുടർന്ന് 21 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അടുക്കത്ത് നീളം പാറ കമലയുടെ വീട്ടിൽ ഓടിട്ട വീടിന് മുകളിലേക്ക് മരം മുറിഞ്ഞു വീണു. പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ പെട്ട ചെറിയ മണിച്ചേരി കണ്ണിവഴിയിൽ പ്രദേശത്ത് ശക്തമായ കാറ്റിൽ വൻ നാശനഷ്ടം.ശക്തമായ കാറ്റിൽ ചക്കിട്ടപാറ പഞ്ചായത്ത് ഒന്നാം വാർഡിൽ കൈതക്കൊല്ലി പ്രകാശൻ്റെ വീടിന് മുകളിൽ മരം വീണു. വിലങ്ങാട് നാദാപുരത്ത് ഇന്ന് പുലർച്ചെ ഉണ്ടായ മിന്നൽ ചുഴലിയിൽ വ്യാപകമായ നാശനഷ്ടമായ ആണ് ഉണ്ടായത്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ 30-ാം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നദീതീരത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. മഴയ്ക്ക് ഒരു ശമനം ഉണ്ടായെങ്കിലും ഇപ്പോൾ ഈ വാർത്ത എഴുതുന്ന കാലത്ത് 6.00 മണിക്ക് വീണ്ടും മഴ ശക്തമായി തുടങ്ങിയിട്ടുണ്ട്.