ഉള്ള്യേരിയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി; കർഷകർ ആശങ്കയിൽ
പൊതുപ്രവർത്തകൻ ഷമീർ നളന്ദ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി
ഉള്ള്യേരി: ഉളളിയേരി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ കാട്ടുപന്നികളെ പിടിക്കൂടാൻ ഷൂട്ടറുടെ സേവനം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഷമീർ നളന്ദ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.ഉള്ളിയേരി നഗരത്തോടനുബന്ധിച്ചുള്ള പ്രദേശങ്ങളിൽ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാക്കുന്ന തരത്തിൽ കാട്ടുപന്നികളുടെ വിഹാര കേന്ദ്രമാകുന്നു. ഉള്ളിയേരി നളന്ദ ഹോസ്പിറ്റലിന് സമീപം പുതിയോട്ടിൽ തറോൽ റോഡിൽ ഇരതേടി നടക്കുന്ന പന്നിക്കൂട്ടങ്ങളുടെ ദൃശ്യം കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ ലോറി ഡ്രൈവർ പകർത്തിയത് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായി.മാസങ്ങൾക്ക് മുമ്പ് കടിക്കാട്ട് പ്രദേശത്ത് രാവിലെ റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാർത്ഥിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
ഉള്ളിയേരി ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും വനം വകുപ്പും ചേർന്ന് സംയുക്തമായി ജനങ്ങളുടെ ഭീതിക്കും കൃഷിക്കും ഭീഷണിയാവുന്ന കാട്ടുപന്നികളെ നിർമാർജനം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

