തങ്കമല എസ്റ്റേറ്റിലെ കരിങ്കൽ ഖനനം; ദേശീയ ഹരിത ട്രൈബ്യൂണൽ കേസെടുത്ത് നോട്ടീസ് അയക്കാൻ ഉത്തരവ്
നാട്ടുകാരാണ് ദേശീയ ഹരിത ട്രെബ്യൂണൽ ചെന്നൈ ബെഞ്ചിനെ സമീപിച്ചത്
കൊയിലാണ്ടി: തുറയൂർ കീഴരിയൂർ വില്ലേജിൽ വ്യാപിച്ച് കിടക്കുന്ന തങ്കമല എസ്റ്റേറ്റിലെ കരിങ്കൽ ഖനനത്തിനും ക്രഷറിനും മണ്ണെടുപ്പിനും എതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ ചെന്നെ ബെഞ്ച് കേസെടുത്തു നോട്ടീസ് അയക്കാൻ ഉത്തരവിട്ടതായി പ്രദേശവാസികൾ. തങ്കമല എസ്റ്റേറ്റിൽ നടക്കുന്ന ഖനത്തിന് വ്യവസ്ഥകൾക്ക് വിധേയമായി പരിസ്ഥിതി വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും അനുമതി നൽകിയതാണ്.
എന്നാൽ മല മുകളിലെ മണ്ണ് പാറ പൊട്ടിച്ച കുഴി നികത്താൻ സൂക്ഷിച്ച് വെക്കണമെന്ന വ്യവസ്ഥ പാലിച്ചില്ല. ഇതിനാൽ മല മുകളിലെ ക്വാറിയിൽ മഴക്കാലത്ത് വെള്ളം നിറഞ്ഞ് അത് ജല ബോംബായി നിന്ന് താഴ്വാരത്ത് താമസിക്കുന്ന പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും ഭീഷണിയായി തുടങ്ങിയവയാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
വ്യവസ്ഥകൾ ലംഘിച്ച് നടക്കുന്ന കരിങ്കൽ ഖനനത്തിനും ക്രഷറിൻ്റെയും മണ്ണെടുപ്പിൻ്റെയും പേരിൽ നാട്ടുകാർ സർക്കാരിന് നിരവധി പരാതികൾ നൽകിയിരുന്നു. ഇതിൽ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് നാട്ടുകാർ ദേശീയ ഹരിത ട്രെബ്യൂണൽ ചെന്നൈന്നെ ബെഞ്ചിനെ സമീപിച്ചത്.പത്ര സമ്മേളനത്തിൽ അഡ്വ. രാജീവൻ, അജീഷ് എൻ.വി, ഇർഷാദ് അലി, വിപിൻ രാജ്, സുജിത്ത്, ബബിഷ് എ.കെ തുടങ്ങിയവർ പങ്കെടുത്തു.

