ബൈക്കിൽ കടത്തുമ്പോൾ ചാക്ക് പൊട്ടി അടക്ക റോഡിൽ വീണു; വീട്ടുമുറ്റത്ത് ഉണക്കാനിട്ട അടക്ക മോഷ്ടിച്ച യുവാക്കൾ പിടിയിൽ
പ്രതികൾ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: മാവൂരിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന അടക്ക മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിലായി. കുന്ദമംഗലം ചേലൂർ സ്വദേശി വിശാഖ്, പെരുവഴിക്കടവ് സ്വദേശി അജയ്, കുറ്റിക്കാട്ടൂർ സ്വദേശി രോഹിത് എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച അടക്ക കടത്തുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളാണ് പ്രതികളെ കുടുക്കിയത്. മാവൂർ മേഖലയിലെ ഒരു വീട്ടിൽ ഉണക്കാനിട്ടിരുന്ന അടക്കയാണ് ഇവർ മോഷ്ടിച്ചത്. തുടർന്ന് ചാക്കിലാക്കി ബൈക്കിൽ കടത്തുന്നതിനിടെ അപ്രതീക്ഷിതമായി ചാക്ക് പൊട്ടുകയും അടക്ക റോഡിൽ ചിതറി വീഴുകയും ചെയ്തു.
റോഡിൽ അടക്ക വീണത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർക്ക് യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നി. തുടർന്ന് ഇവരെ തടഞ്ഞുവെച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മാവൂർ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മോഷണവിവരം പുറത്തുവന്നു. പ്രതികൾ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

