പെരുവണ്ണാമുഴിയിൽ ബയോളജിക്കല്‍ പാര്‍ക്ക് പ്രവൃത്തി ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു
സമഗ്ര വികസനത്തിന്റെ ഭാഗമായാണ് ജില്ലയില്‍ ബയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്
പെരുവണ്ണാമുഴി : സമൂഹത്തിലെ എല്ലാ മേഖലകളെയും ചേര്‍ത്തുള്ള വികസനമാണ് സര്‍ക്കാര്‍ നയമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്ക് ൻ്റെ ഒന്നാംഘട്ട പ്രവൃത്തിയുടെ ശിലാ സ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നടക്കുന്ന സമഗ്ര വികസനത്തിന്റെ ഭാഗമായാണ് ജില്ലയില്‍ ബയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. നാട്ടിലിറങ്ങുന്ന വന്യജീവികളെ മടക്കിയയക്കാതെ അവയുടെ സംരക്ഷണം ഉറപ്പാക്കാക്കുകയെന്നതാണ്. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്യജീവികളെ കൂട്ടിലടക്കാതെ, അവയുടെ സ്വാഭാവികതയില്‍ നിര്‍ത്തി കണ്ടാസ്വദിക്കാന്‍ കഴിയുന്ന രീതിയിലുള്ള മാതൃകാ ബയോളജിക്കല്‍ പാര്‍ക്കാണ് വനം വകുപ്പിന് കീഴില്‍ പേരാമ്പ്ര മണ്ഡലത്തിലെ മുതുകാട് ഒരുക്കുക. വന്യജീവികള്‍ക്കും ജനങ്ങള്‍ക്കും ഇടയിലൂടെ സഞ്ചാരയോഗ്യമായ ഇടനാഴി ഉണ്ടാക്കുന്ന തരത്തിലാണ് പാര്‍ക്ക് വിഭാവനം ചെയ്തിട്ടുള്ളത്. വനവും വന്യജീവികളുമായി ബന്ധപ്പെട്ട ഒരു റിസര്‍ച്ച് സെന്റര്‍ എന്ന നിലയിലേക്ക് കൂടിയാണ് പദ്ധതി ഉയരുക.പേരാമ്പ്ര എസ്റ്റേറ്റിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്താണ് ബയോളജിക്കല്‍ പാര്‍ക്ക് ഒരുങ്ങുന്നത്. ഇവിടെനിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് പരിക്കേല്‍ക്കുന്ന വന്യമൃഗങ്ങള്‍ക്ക് ചികിത്സയും പരിചരണവും നല്‍കുന്ന അനിമല്‍ ഹോസ്പൈസ് സെന്ററും വെറ്ററിനറി ആശുപത്രിയും സ്ഥാപിക്കുക. ഇതിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ബയോളജിക്കല്‍ പാര്‍ക്കിന്റെ രണ്ടാം ഘട്ടമായാണ് ടൈഗര്‍ സഫാരി പാര്‍ക്കിന്റെ നിര്‍മാണം. കടുവകളുടെ ആവാസത്തിന് അനുയോജ്യമായ സമശീതോഷ്ണ കാലാവസ്ഥയും നീര്‍ച്ചോലകളും ചെറിയ മണല്‍ത്തിട്ടകളുമുള്ള പ്രദേശമായതിനാലാണ് പേരാമ്പ്ര എസ്റ്റേറ്റിന്റെ സ്ഥലം സഫാരി പാര്‍ക്കിനായി തെരഞ്ഞെടുത്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ 100 കോടിയിലേറെ രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. ബയോളജിക്കല്‍ പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ കെ കെ സുനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി അയിത്തമറ്റം, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി ഷിജു, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

