വാഹനത്തിരക്ക് കൂടുന്നു,നടുവണ്ണൂരിലും ബൈപാസ് ആശയം; ചിന്തിക്കാന്‍ സമയമായി
പേരാമ്പ്ര,കൊയിലാണ്ടി പോലുള്ള വലിയ ടൗണുകളില്‍ യുക്തമായ സമയത്ത് തന്നെ ബൈപാസ് ചര്‍ച്ച തുടങ്ങാത്തതിന്റ ഫലമാണ് പില്‍ക്കാലത്ത് അവിടങ്ങളില്‍ അനുഭവിച്ചത്.

നടുവണ്ണൂര്‍. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന നടുവണ്ണൂര്‍ അങ്ങാടി ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഗതാഗതപ്രശ്നം. ഉള്‍ നാടുകളിലേക്കുള്ള റോഡുകളെല്ലാം ഗതാഗതയോഗ്യമായതോടെ നിത്യേന നിരവധി വാഹനങ്ങളാണ് നടുവണ്ണൂരിലെത്തുന്നത്. പുതിയ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും എത്തുന്നതോടെ കോവിഡ് കാലത്തും ടൗണില്‍ തിരക്ക് വര്‍ദ്ധിക്കുകയാണ്.
സ്വന്തം വാഹനങ്ങളില്‍ ടൗണിലെത്തുന്നവര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വിഷയമാണ് പാര്‍ക്കിങ്ങ് സൗകര്യമില്ല എന്നത്. കാവുന്തറ ഇരിങ്ങത്ത് റോഡ് റീടാര്‍ ചെയ്ത ശേഷം കോഴിക്കോട് നിന്നും ദേശീയ പാതയിലൂടെ വടകര ഭാഗത്തേക്കും തിരിച്ചും പോകേണ്ട നിരവധി ചരക്ക് വാഹനങ്ങള്‍ ദിനം പ്രതി ഈ വഴിയാണ് കടന്ന് പോകുന്നത്. മന്ദങ്കാവില്‍ പുതിയ വ്യവസായ സ്ഥാപനങ്ങള്‍ വന്ന് തുടങ്ങിയതോടെ ഈ റൂട്ടിലും വാഹനങ്ങള്‍ വര്‍ദ്ധിച്ചു.
നടുവണ്ണൂരില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് ഗതാഗതക്കുരുക്കില്ലാതെ സഞ്ചരിക്കാവുന്ന മേത്തരം റോഡ് എന്നതിനാല്‍ മന്ദങ്കാവ് റൂട്ടിലും വാഹന തിരക്ക് കൂടുതലണ്. ലോക് ഡാണ്‍ നിയന്ത്രണങ്ങള്‍ കുറവുള്ള ദിവസങ്ങളിലും സ്കൂള്‍,കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാത്ത സമയമായിട്ട് പോലും വന്‍ തിരക്കനുഭവപ്പെടുന്നു. ചെറുതും വലുതുമായ അപകടങ്ങളും പതിവാണ്.
നേരത്തേ നടുവണ്ണൂരിലെ പഴയ ബസ്റ്റാന്റ് മുതല്‍ ഹൈസ്കൂള്‍ വരേയുള്ള സ്ഥലത്തായിരുന്നു പാര്‍ക്കിങ്ങ് ബുദ്ധിമുട്ടെങ്കില്‍ ഇപ്പോള്‍ വെള്ളോട്ടങ്ങാടി മുതല്‍ കൂട്ടാലിട മുക്ക് വരേ പാര്‍ക്കിങ്ങില്ലാത്ത അവസ്ഥയാണ്. ടൗണില്‍ വരുന്നവര്‍ വാകയാട് റോഡില്‍ അരക്കിലോമീറ്റര്‍ വരേ ദൂരം സഞ്ചരിച്ചാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഗതാഗതക്കുരുക്കും പതിവാകും. കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളും പോലീസ് സ്റ്റേഷന്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും വരാനിരിക്കെ തിരക്ക് ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.
ഇതെല്ലാം പരിഗണിച്ച് നടുവണ്ണൂരിലും ബൈപാസ് എന്ന ആശയത്തിന്റെ ചര്‍ച്ച തുടങ്ങാന്‍ സമയമായിരിക്കുകയാണ്. പേരാമ്പ്ര,കൊയിലാണ്ടി പോലുള്ള വലിയ ടൗണുകളില്‍ യുക്തമായ സമയത്ത് തന്നെ ഈ ചര്‍ച്ച തുടങ്ങാത്തതിന്റ ഫലമാണ് പില്‍ക്കാലത്ത് അവിടങ്ങളില്‍ അനുഭവിച്ചത്.
നടുവണ്ണൂരില്‍ ബൈപാസ് വരികയാണെങ്കില്‍ കാവുന്തറ റോഡിനടുത്ത് നിന്ന് കനാല്‍ ജംഗ്ഷന്‍ വഴി ചെറിയ കനാലരികിലൂടെ മന്ദങ്കാവ് റോഡില്‍ ചേരുന്ന റോഡായിരിക്കും ഏറ്റവും ഗുണം ചെയ്യുക. മന്ദങ്കാവിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് വടക്ക് ഭാഗത്ത് നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ടൗണ്‍ സ്പര്‍ശിക്കാതെ കടന്ന് പോകാനും ഇത് കൊണ്ട് സഹായകമാകും.