കോവിഡ് മരണങ്ങളില്‍ ഭൂരിപക്ഷവും വാക്സിന്‍ എടുക്കാത്തവരില്‍
കോവിഡ് മരണങ്ങളിൽ 97 ശതമാനവും വാക്സിൻ എടുക്കാത്തവർ; ആരോഗ്യ വകുപ്പിന്റെ പുതിയ കണ്ടെത്തൽ
തിരുവനന്തപുരം: കഴിഞ്ഞ രണ്ടര മാസത്തിനിടെ സംഭവിച്ച കോവിഡ് മരണങ്ങളില്‍ 97 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരിലാണെന്നാണ് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. വാക്സിൻ എടുക്കാത്തവർ ജാഗ്രത പാലിക്കുക.
പോയ എഴുപത് ദിവസങ്ങൾക്കുള്ളിലെ മരണങ്ങളാണ് ആരോഗ്യവകുപ്പ് പഠന വിധേയമാക്കിയത്. ഇതനുസരിച്ച് കോവിഡ് ബാധിച്ച് മരിച്ച 9195 പേരില്‍ 8290 പേരും വാക്‌സിന്‍ ഒരു ഡോസ് പോലും സ്വീകരിച്ചിരുന്നില്ല.
സംസ്ഥാനത്ത് 9 ലക്ഷത്തിലേറെപ്പേര്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാട്ടുന്നതായി മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. 45 വയസ്സിനു മുകളിലുള്ള 92% പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നാണ് സര്‍ക്കാരിന്റെ കണക്കെങ്കിലും പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള ഒട്ടേറെപ്പേര്‍ ഇപ്പോഴും കുത്തിവയ്പ് എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോവിഡ് വന്നു മരിച്ചവരില്‍ ഏതാണ്ട് 700 പേര്‍ ഒരു ഡോസ് വാക്സിൻ മാത്രം എടുത്തവരാണ്. മരിച്ചവരില്‍ ഏകദേശം 200 പേരാണ് 2 ഡോസും എടുത്തിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരായിരുന്നുവെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ രണ്ടര മാസക്കാലയളവിൽ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശൂരിലാണ്. ഇവിടെ മരിച്ചവരില്‍ 1021 പേരും ഒരു ഡോസ് വാക്‌സീന്‍ പോലും എടുത്തിരുന്നില്ല. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്, 130 പേരാണ് ഒരു ഡോസ് വാക്‌സീന്‍ പോലും എടുക്കാതെ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ കോവിഡ് ഗുരുതരമായി തീവ്ര പരിചരണ വിഭാഗങ്ങളിലും വെന്റിലേറ്ററുകളിലും കഴിയുന്ന 98 ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്തവരാണെന്നും ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു.
കോവിഡ് ബാധിച്ച് മരിച്ച 9195 പേരില്‍ 6200 പേര്‍ (67.43%) ഗുരുതര രോഗബാധിതരായിരുന്നു. 2995 പേരാണ് കാര്യമായ രോഗങ്ങളില്ലാതെ കോവിഡ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരവും അല്ലാത്തതുമായ രോഗങ്ങളുടെ വിശദ കണക്ക് ഇങ്ങനെ: പ്രമേഹം 26.41%, രക്തസമ്മര്‍ദം 26.11%, ഹൃദ്രോഗം 11.07%, വൃക്കരോഗം 8.19%, ശ്വാസകോശരോഗം 4.14%, പക്ഷാഘാതം 2.73%, തൈറോയ്ഡ് 1.67 %.

