സ്ത്രീ സുരക്ഷയ്ക്കായ് ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും: സതീദേവി
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും

തിരുവനന്തപുരം: സ്ത്രീ സുരക്ഷക്കായി ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ: പി. സതീദേവി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ത്രിതല പഞ്ചായത്തുകളുടെ ഭാഗമായുള്ള ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്താനുള്ള തീരുമാനം. വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റ ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീധനത്തിനെതിരായ കാംപെയ്‌നുകൾ വനിതാ കമ്മിഷന്‍, വനിതാ ശിശു വികസന വകുപ്പ്, സാംസ്‌കാരിക വകുപ്പ് ഉള്‍പ്പെടെ സംഘടിപ്പിച്ച് വരികയാണ്. തൊഴിലിടങ്ങളിലടക്കം ലിംഗപരമായ അസമത്വം പൂർണമായി അവസാനിച്ചിട്ടില്ല.
പെണ്‍കുട്ടികളെ 'കെട്ടിച്ചയക്കുന്നു' എന്ന രീതിയില്‍ വിവാഹപ്പന്തലിലേക്ക് തള്ളിവിടുകയല്ല വേണ്ടതെന്നും അവള്‍ക്ക് പരമാവധി ഉന്നത വിദ്യാഭ്യാസം നൽകി ജീവിതത്തെ നേരിടാൻ ഒരുക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടതെന്നും സതീദേവി പറഞ്ഞു. അവകാശ പരിരക്ഷ ഉറപ്പുവരുത്താന്‍ കമ്മിഷന്‍ ആക്ട് ഭേദഗതി വരുത്തുന്നതിന് നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ കമ്മിഷന്‍ ആസ്ഥാനത്തെത്തിയ സതീദേവിയെ മെമ്പര്‍ സെക്രട്ടറി പി ഉഷാറാണി, കമ്മിഷന്‍ അംഗങ്ങളായ അഡ്വ.എം എസ് താര, അഡ്വ. ഷിജി ശിവജി. ഷാഹിദാ കമാല്‍ , ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.