കൊയപ്പള്ളി തറവാട്ടിൽ കെ. കേളപ്പൻ്റെ പൂർണകായ പ്രതിമയൊരുങ്ങി
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിമ അനാച്ഛാദനം ചെയ്തു

തുറയൂർ : കേരള ഗാന്ധി കെ. കേളപ്പൻ്റെ പൂർണകായ പ്രതിമ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനാച്ഛാദനം ചെയ്തു. കെ കേളപ്പൻ്റെ തറവാടായ കൊയപ്പള്ളി വീട്ടിലാണ് പ്രതിമ ഒരുക്കിയത്. ശില്പി ചിത്രൻ കുഞ്ഞിമംഗലത്തിനെ ഗവർണർ ഫലകം നൽകി ആദരിച്ചു. സ്വാതന്ത്ര്യ സമര പോരാളികളിലെ വിശിഷ്ട വ്യക്തിയായ കെ കേളപ്പൻ്റെ പ്രവർത്തനങ്ങൾ യുവതലമുറയ്ക്ക് ഓർമ്മിക്കാൻ ശിൽപം സഹായകമാവും എന്ന് ഗവർണർ പറഞ്ഞു.
ഏഴ് അടി ഉയരമുള്ള പ്രതിമ നാല് മാസം എടുത്താണ് പൂർത്തീകരിച്ചത്. കളിമണ്ണിൽ നിർമിച്ച് പ്ലാസ്റ്റർ ഓഫ് പാരീസിൽ മൗൾഡ് ചെയ്ത് ഫിബറിലാണ് പ്രതിമ നിർമ്മിച്ചത്. കെ കേളപ്പൻ്റെ കുടുംബാംഗങ്ങളും കൊയപ്പള്ളി തറവാട് പരിപാലന ട്രസ്റ്റ് അംഗങ്ങളും ശില്പ നിർമ്മാണത്തിൽ സഹായങ്ങൾ നൽകി.
കെ മുരളീധരൻ എം പി അധ്യക്ഷനായ ചടങ്ങിൽ വിജയൻ കൈനടത്ത് സ്വാഗതവും ബാബു പുതുക്കുടി നന്ദിയും പറഞ്ഞു. ചടങ്ങിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ഗിരീഷ് സംസാരിച്ചു.