മുൻഗണനാ കാർഡുകൾ കൈവശം വെച്ച അനർഹരായ ഉപഭോക്താക്കൾക്ക് പിഴ ചുമത്തും
11866 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

കോഴിക്കോട് : ജില്ലയിൽ 11866 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. താലൂക്ക്തല കാർഡ് വിതരണം മന്ത്രിമാരും എം.എൽ.എമാരും നിർവ്വഹിച്ചു. മുൻഗണന കാർഡുകൾ കൈവശം വെച്ച അനർഹരായ ഉപഭോക്താക്കൾക്ക് പിഴ കൂടാതെ, കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യുന്നതിനായി സർക്കാർ അഭ്യർത്ഥന നടത്തിയിരുന്നു. ജില്ലയിലാകെ 12271 കാർഡുകളാണ് ഇത്തരത്തിൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. ഇങ്ങനെയുണ്ടായ ഒഴിവുകളിലാണ് പുതിയ മുൻഗണനാ കാർഡുകൾ അനുവദിച്ചിരിക്കുന്നത്. കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ധാരാളം അപേക്ഷകൾ ലഭിക്കുന്നുണ്ട്.
ഒഴിവുകൾ വരുന്ന മുറയ്ക്ക് അർഹരായ എല്ലാവർക്കും മുൻഗണനാ കാർഡുകൾ അനുവദിക്കുമെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതിനുള്ള നടപടികൾ സപ്ലൈ ഓഫീസുകളിൽ സ്വീകരിച്ചു വരുന്നുണ്ട്. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഒക്ടോബർ 15നകം 9495998223 എന്ന മൊബൈൽ നമ്പറിലേക്ക് വിളിച്ചോ വാട്സ് ആപ് സന്ദേശമയച്ചോ പൊതുജനങ്ങൾ അറിയിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.