റേഷൻ കാർഡുകളും ഇനി മുതൽ സ്മാർട്ട്
നവംബർ ഒന്നാം തീയതി സ്മാർട്ട് റേഷൻ കാർഡുകൾ

തിരുവനന്തപുരം: റേഷൻ കടകളിലും സപ്ലൈക്കോകളിലും ഉപയോഗിക്കുന്ന റേഷൻ കാർഡുകൾക്ക് രൂപമാറ്റം വരുത്താൻ സർക്കാർ. റേഷൻ കാർഡിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുവാനും ആലോചിക്കുന്നു. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി എടിഎം കാർഡ് മാതൃകയിലായിരിക്കും പുതിയ റേഷൻ കാർഡ്. ഇതുപയോഗിച്ച് സാധനങ്ങളും വാങ്ങാൻ കഴിയും. പുതിയ കാർഡ് പർച്ചേസ് കാർഡ് എന്ന് അറിയപ്പെട്ടേക്കും. ബാങ്കുകളുമായി ഭക്ഷ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥന്മാരും ചർച്ച നടത്തിവരികയാണ്.
ഉടമയുടെ പേര്, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങളോടൊപ്പം പ്രതിമാസ വരുമാനം, റേഷൻ കടയുടെ നമ്പർ, തുടങ്ങി വൈദ്യുതീകരിച്ചതാണോ, ഗ്യാസ് കണക്ഷൻ ഉണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളും രേഖപ്പെടുത്തും. ഇതിനോടൊപ്പം ബാങ്കുകൾ നൽകുന്ന നിർദ്ദേശങ്ങളും ഉൾപ്പെടുത്തും.
ഇതുപയോഗിച്ച് റേഷൻ കടയിൽ നിന്നും ചെറിയ തുക പിൻവലിക്കാൻ ഉള്ള ഫീച്ചർ ഉൾപ്പെടുത്താനും ആലോചനയുണ്ട്. റേഷൻ ഉൽപ്പന്നങ്ങൾ മാത്രമല്ല, പലവ്യഞ്ജനങ്ങളും കുപ്പിവെള്ളവും ഉൾപ്പെടെ ലഭിക്കുന്ന കേന്ദ്രങ്ങളായി റേഷൻ കടകളെ മാറ്റുവാനും ആലോചനയുണ്ട്.