11കാരൻ മലയാളി ബാലന്റെ ആദ്യ നോവല്‍ ആമസോണില്‍ ബെസ്റ്റ് സെല്ലര്‍
ബെസ്റ്റ് സെല്ലർ എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ജോഷ്വ
തൃശ്ശൂർ: 2020-ലെ ലോക്ഡൗണിലാണ് അത് സംഭവിച്ചത്. അച്ഛനും അമ്മയും വർക്ക് അറ്റ് ഹോം തിരക്കിൽ. ഓൺലൈൻ ക്ലാസിന്റെ മടുപ്പും അടച്ചിരിപ്പും. മുഷിപ്പകറ്റാൻ അഞ്ചാംക്ലാസുകാരൻ ജോഷ്വ ഒരു കഥയെഴുതാൻ തുടങ്ങി. ആറുമാസംകൊണ്ട് ആ നോവൽ പൂർത്തിയായി.
'മർഡർ അറ്റ് ദ് ലീക്കി ബാരൽ' എന്ന ജോഷ്വയുടെ ആദ്യ ഇംഗ്ലീഷ് നോവൽ ജൂലായ് നാലിനാണ് ആമസോണിലെ കിൻഡിൽ ഇ -ബുക്ക് വിഭാഗത്തിൽ റിലീസ് ചെയ്തത്. അന്നുതന്നെ ഇത് ബെസ്റ്റ് സെല്ലറായി. ബെസ്റ്റ് സെല്ലർ എഴുതിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞയാളുമായി ജോഷ്വ. മലയാളി എഴുത്തുകാരുടെ കൂട്ടായ്മയായ ബുക്സതകമാണ് നോവൽ പ്രസിദ്ധീകരിച്ചത്.
1532-ൽ അയർലൻഡിലെ ഡബ്ലിനിൽ നടന്ന കൊലപാതകവും അഞ്ചുനൂറ്റാണ്ടിനു ശേഷമുള്ള പ്രതികാരവും തുടരന്വേഷണങ്ങളുമെല്ലാമാണ് ഈ നോവലിന്റെ ഇതിവൃത്തം. പുണെയിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിയാണ് ജോഷ്വ .
പുണെ ഐസറിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോയ് തോമസിന്റെയും എഴുത്തുകാരി സുമ സണ്ണിയുടെയും മകനാണ്. ബിജോയ് കോട്ടയം സ്വദേശിയും സുമ മാളയ്ക്കടുത്ത് വൈന്തല സ്വദേശിനിയുമാണ്.

