കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു
സമീപത്തെ മണ്ണിടിഞ്ഞ് വീടിന് മുകളിൽ പതിച്ചാണ് അപകടം
കരിപ്പൂർ : കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. എട്ട് വയസ്സുകാരി ലിയാന ഫാത്തിമ , ഏഴു മാസം പ്രായമുള്ള ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെ ആയിരുന്നു അപകടം. പള്ളിക്കലിലെ മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകർന്നത്. മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളാണ് മരിച്ച ലിയാനയും ലുബാനയും.
വീടിന് പിറക് വശത്തെ വീടിനൊപ്പം ഉയരത്തിലുള്ള മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. ഇവരുടെ മാതാവ് വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുന്നു.

