കൊച്ചിയിൽ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളെ പറ്റിച്ച് പണം അപഹരിച്ചു: രണ്ട് പേർക്കെതിരെ പരാതി
കേരളത്തിൽ ആശ്രമം നിർമ്മിക്കാനുള്ള സ്ഥലം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്

കൊച്ചി: കേരളത്തില്‍ സാമൂഹ്യപ്രവർത്തനം നടത്താനെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കൊച്ചി സ്വദേശിയായ എന്‍ജിനീയര്‍ക്കും വര്‍ക്കല സ്വദേശിയായ ഭൂമി ഇടപാടുകാരനുമെതിരെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ വനിതകളടക്കം ആറു വിദേശ പൗരന്മാരാണ് പരാതി നല്‍കിയത്.
ഇവരുടെ രണ്ടുകോടിയോളം രൂപ ഇരുവരും തട്ടിയെടുത്തുവെന്നാണ് പരാതി. കേരളത്തില്‍ ആശ്രമം തുടങ്ങുകയായിരുന്നു സ്വിറ്റ്സർലൻഡ് സ്വദേശികളുടെ ലക്ഷ്യം. ഇതിനായി വര്‍ക്കലയില്‍ ഭൂമിയും ഇടനിലക്കാരന്‍ കണ്ടെത്തി. ആശ്രമം നിർമ്മിക്കാന്‍ സാധിക്കുന്ന കരഭൂമിയെന്നറിയിച്ചാണ് സ്ഥലം വാങ്ങിയത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിർമ്മാണ പ്രവർത്തനം നടത്താൻ പറ്റാത്ത നിലം ഭൂമിയാണ് ഇതെന്ന് മനസിലായി. കരഭൂമിയെന്ന് കബളിപ്പിച്ച് വര്‍ക്കലയിലെ ഭൂമി ഇടപാടുകാരന‍് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണ് ഇവരുടെ ആദ്യ പരാതി. തുടർന്ന് ഈ ഭൂമി തരം മാറ്റി അതില്‍ ആശ്രമം പണിതു തരമെന്ന് വാഗ്ദാനം ചെ്യതാണ് കൊച്ചി സ്വദേശിയായ എഞ്ചിനീയര്‍ പണം തട്ടിയത്. ഒരുകോടി 30ലക്ഷം രൂപ നഷ്ടപെട്ടെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.
വിദേശിയുടെ പരാതിയില്‍ കൊച്ചി തേവര സ്വദേശി എഞ്ചിനീയര്‍ രാജീവ് മേനോനെതിരെ കേസെടുത്തതായി എറണാകുളം സൗത്ത് എ.സി.പി അറിയിച്ചു. ഭൂമി ഇടപാടുകാരനെതിരെയുളള പരാതി, തട്ടിപ്പ് നടന്ന സ്ഥലത്തിന്റെ പരിധിയിലുള്ള വര്‍ക്കല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ പോലീസ് ആലോചിക്കുന്നുണ്ട്.