ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു
കിടപ്പ് രോഗിയായ ഭർത്താവിൻ്റെ അവസ്ഥയിൽ മനം നൊന്താണ് കൊലപാതകമെന്ന് ഭാര്യയുടെ മൊഴി

തിരുവനന്തപുരം : കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. നെയ്യാറ്റിൻകരയിലാണ് നാടിനെ നടുക്കിയ കൊലനടന്നത്. എഴുപത്തിയാറു വയസ്സുള്ള ഗോപി എന്നയാളിനെയാണ് ഭാര്യ സുമതി കഴുത്തറുത്ത് കൊന്നത്.
വർഷങ്ങളായി ഒരേ കിടപ്പുകിടക്കുന്ന ഭർത്താവിന്റെ ദുരവസ്ഥ കണ്ടിട്ടാണ് കൊലചെയ്തതെന്നു സുമതി പൊലീസിന് മൊഴി നൽകി. പക്ഷാഘാതം പിടിപെട്ടു പത്തു വർഷമായി കിടപ്പിലായിരുന്നു ഗോപി. വീട് പുതുക്കിപണിയുന്നത് കൊണ്ട് സമീപത്തു നിർമ്മിച്ച ഒറ്റമുറി ചെറിയ വീട്ടിലായിരുന്നു ഇവർ താമസം.
സമീപത്ത് താമസിക്കുന്ന മകൻ പുലർച്ചെ വന്നപ്പോഴാണ് ഗോപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത കുളക്കടവിൽ ബോധരഹിതയായ സുമതിയെ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുമതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.