മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയായി നിലനിർത്തുമെന്ന് തമിഴ്നാട്
ജലനിരപ്പുയർന്നാൽ സ്പിൽവെ വഴി ഒഴുക്കി വിടാമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിൽ നിലനിർത്തുമെന്ന് തമിഴ്നാട് സർക്കാർ ഉറപ്പ് നൽകി. ജലനിരപ്പ് 138 അടിയിൽ നിലനിർത്താൻ തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
അണക്കെട്ടിലെ വെള്ളം 138 അടിയെത്തിയാൽ സ്പിൽവേ വഴി വെള്ളം ഒഴുക്കിവിടാമെന്ന് കഴിഞ്ഞ ദിവസം നടന്ന ഉന്നതതല സമിതി യോഗത്തിൽ തമിഴ്‌നാട് അറിയിച്ചതായും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി കവിയാൻ അനുവദിക്കരുതെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തമിഴ്നാടിൻ്റെ നിലപാട്.
സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചു വരികയാണ്. 125 വർഷത്തിലധികം പഴക്കമുള്ള ഡാമിൻറെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ടെന്നും പുതിയ ഡാം എന്ന കേരളത്തിൻറെ ആവശ്യത്തിന് തമിഴ്നാട് പൂർണ്ണ പിന്തുണ നൽകണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.