ഗായകന്‍ പി. ജയചന്ദ്രന് ജെ.സി ഡാനിയേല്‍ പുരസ്‌കാരം
ഡിസംബർ 23ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാര സമർപ്പണം നിർവഹിക്കും.
തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേൽ പുരസ്കാരം പ്രശസ്ത പിന്നണി ഗായകൻ പി.ജയചന്ദ്രന്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ഇത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് ജെ.സി ഡാനിയേൽ പുരസ്കാരം.
ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരനൂറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന പി.ജയചന്ദ്രൻ മലയാള ചലച്ചിത്ര സംഗീതത്തിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. ജെ.സി ഡാനിയേൽ പുരസ്കാര ജേതാവ് അടൂർ ഗോപാലകൃഷ്ണൻ ചെയർമാനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ, നടി സീമ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ഡിസംബർ 23ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ
പുരസ്കാര സമർപ്പണം നിർവഹിക്കും

