ആലപ്പുഴയില്‍ പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റിക്കൊണ്ടിരിക്കെ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു
എറണാകുളം ചൊവ്വര സ്വദേശി ബിജു, ടയർ മാറ്റാൻ സഹായിക്കാനെത്തിയ വാസുദേവൻ എന്നിവരാണ് മരിച്ചത്.

ആലപ്പുഴ: പിക്കപ്പ് വാനിന്റെ പഞ്ചറായ ടയർ മാറ്റിക്കൊണ്ടിരുന്ന രണ്ടു പേർക്ക്
ലോറിയിടിച്ച് ദാരുണാന്ത്യം. ദേശീയപാതയിൽ ആലപ്പുഴ പൊന്നാംവെളിയിലാണ് അപകടം. പിക്കപ്പ് വാനിന്റെ ഡ്രൈവറായ എറണാകുളം ചൊവ്വര സ്വദേശി ബിജു, ടയർ മാറ്റാൻ സഹായിക്കാനെത്തിയ വാസുദേവൻ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്. കുപ്പിവെള്ള ലോഡുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബിജുവിന്റെ പിക്കപ്പ് . ഇതിനിടയിൽ ദേശീയപാത പൊന്നാംവെളിയിൽവെച്ച് വാഹനത്തിന്റെ ടയർ പഞ്ചറായി. റോഡിനരികിലേക്ക് വാഹനം ഒതുക്കിയിട്ട് ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇതുവഴി സൈക്കിളിൽ വന്ന വാസുദേവൻ എന്നയാളും ബിജുവിനെ സഹായിച്ചു. രണ്ടുപേരും ചേർന്ന് ടയർ മാറ്റികൊണ്ടിരിക്കെ എതിർദിശയിൽ നിന്ന് വന്ന ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ചുതെന്നെ ഇരുവരും മരിച്ചു.
ബിജുവിന്റേയും വാസുദേവന്റേയും മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെളിച്ചക്കുറവ് മൂലം വാഹനം നിർത്തിയിട്ടത് കണ്ടിരുന്നില്ല എന്ന് ലോറി ഡ്രൈവർ മൊഴി നൽകിയതായി പോലീസ് അറിയിച്ചു.