വനിതാ ദിനത്തിൽ ദിലീപിന് കനത്ത തിരിച്ചടി; തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി
ഏപ്രിൽ 15നകം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

എറണാകുളം : വനിതാ ദിനത്തിൽ ദിലീപിന് കോടതിയുടെ ഇരുട്ടടി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. ഇനി ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം. ഏപ്രിൽ 15നകം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് താൻ സാക്ഷിയാണെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച്
കേസിലെ തുടരന്വേഷണവുമായി മുന്നോട്ടുപോയത്. എന്നാൽ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള അന്വേഷണ സംഘത്തിന്റെ ദുരൂഹമായ നീക്കമാണ് അന്വേഷണ സംഘത്തിന്റെത് എന്നായിരുന്നു ദിലീപിന്റെ വാദം.
തുടരന്വേഷണം എത്രയും വേഗം റദ്ദാക്കണമെന്നും വിചാരണ പൂർത്തിയാക്കണം എന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.